ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി; ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചു

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വഷളാകുന്നു. മുന്നറിയിപ്പിന് പിന്നാലെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെയാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നിലവിലെ കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് അവരെ തിരിച്ചുവിളിക്കുന്നതെന്നും ഇന്ത്യ അറിയിച്ചു. കനേഡിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. ഒക്ടോബര്‍ 20ന് മുമ്ബ് രാജ്യം വിടാനാണ് നിര്‍ദേശം.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കേന്ദ്രത്തിന്റെ നടപടി. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു നീക്കം. ട്രൂഡോ സര്‍ക്കാരിന്റെ നടപടികള്‍ അവരുടെ സുരക്ഷയെ അപകടത്തിലാക്കി. ഇക്കാരണത്താല്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ട്രൂഡോ സര്‍ക്കാരിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഖലിസ്ഥാന്‍ അനുകൂല വിഭാഗങ്ങളെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. തെളിവുകളില്ലാതെ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്ന നീക്കമാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം മണ്ണില്‍ ഖലിസ്ഥാന്‍ തീവ്രവാദത്തെ തടയാന്‍ കാനഡ പരാജയപ്പെട്ടതിനെ ന്യായീകരിക്കാനാണ് ഇത്തരം അംസംബന്ധങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *