വന്യമൃഗ ആക്രമണം രൂക്ഷമായ വയനാട് ജില്ലയില്‍ ഇന്നു സന്ദർശനം നടത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന ഉന്നതതല യോഗത്തിനുശേഷമാണ് വയനാട് സന്ദർശിക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.
വയനാട് ജില്ലയില്‍ അടുത്തിടെയുണ്ടായ വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇന്നലെ ഡല്‍ഹിയില്‍ യോഗം ചേർന്നിരുന്നു.
മനുഷ്യജീവനുകള്‍ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആവശ്യമായതെല്ലാം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഭൂപേന്ദ്ര യാദവ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.