കെ ബാബുരാജ്
അഭിമാനം വ്രണപ്പെട്ടതിനാൽ വൈകുന്നേരം നാലരയ്ക്ക് തീയായി മാറുമെന്ന് പി വി അൻവർ മുന്നറിയിപ്പ് നൽകിയതിനാൽ രണ്ടു മണിക്കൂർ നീണ്ട വാർത്താ സമ്മേളനം മുഴുവൻ ഇരുന്നു കണ്ടു. രാവണനെ ഇളക്കാൻ വാലിൽ തീ കൊടുത്ത് ഹനുമാൻ നടത്തിയ ലങ്കാ ദഹനമാണ് ഓർമ്മ വന്നത്. കത്തിക്കാവുന്നതെല്ലാം അൻവർ കത്തിച്ചു. ഇടതു പക്ഷ എം എൽ എ എന്ന ലേബലും ഇതോടെ ഉപേക്ഷിച്ചു. വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ അൻവറിന് എല്ലാം കൈവിട്ട് പോയിരുന്നു.
കഴിഞ്ഞ തവണ അൻവർ നടത്തിയ വാർത്താ സമ്മേളനം മാർക്ക് ആന്റണി സ്പീച്ചീനെ ഓർമിപ്പിക്കുന്നതായിരുന്നു. ഇടയ്ക്കിടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന സംബോധന. സ്വപ്ന സുരേഷ് ഹോണറബിൾ ചീഫ് മിനിസ്റ്റർ എന്നു പറയുന്നത് പോലെ. ബ്റൂട്ടസ് വിശ്വസ്തൻ ആണെന്ന് പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടയ്ക്കിടെ വിശേഷണം. അതിന്റെ ഒരു തുടർച്ച ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇന്നു തീ ആകുമെന്ന് അൻവർ കാലേ കൂട്ടി പ്രഖ്യാപിച്ചത്.
സഖാക്കളിൽ വലിയൊരു വിഭാഗത്തിന്റെ മനസ്സിൽ ഉരുണ്ടു കൂടിയ ചോദ്യങ്ങളാണ് അൻവർ ഉന്നയിച്ചത്. അതിന്റെ അനുരണനം സിപിഎം സൈബർ ഗ്രൂപ്പുകളിൽ അപ്പോൾ തന്നെ പ്രത്യക്ഷപ്പെട്ടു. സൈബർ ലോകത്തെ ഈ പിന്തുണ പുറത്തു കിട്ടുമെന്ന് പ്രതീക്ഷിക്കുക വയ്യ. അൻവർ പറഞ്ഞ കാര്യങ്ങളിൽ പലതിനെയും അനുകൂലിക്കുന്ന പ്രവർത്തകരും നേതാക്കളും അനുഭാവികളുമുണ്ടാകാം. എന്നാൽ, സിപിഎം എന്ന വ്യവസ്ഥാപിത പാർട്ടിയോട് പൊരുതി നിൽക്കാൻ അവർക്ക് കഴിയില്ല. മനസ്സിൽ തിങ്ങി നിന്ന കാര്യങ്ങൾ ഒരാൾ വിളിച്ചു പറയുന്നത് കേട്ട് ഒരു പക്ഷേ, അവരുടെ മനസ്സിൽ കുളിരു കോരിയിടുന്നുണ്ടാകാം. അതാണ് സോഷ്യൽ മീഡിയയിലെ സിപിഎം ഗ്രൂപ്പുകളിൽ ഇപ്പോൾ കുറിക്കപ്പെടുന്നത്.
പിണറായി വിജയനെ അദ്ദേഹത്തിന്റെ ഇതു വരെയുള്ള ജീവിത കാലത്ത് ഇതു പോലെ ആരും അവഹേളിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. ഏറ്റവും വലിയ രാഷ്ട്രീയ ശത്രുക്കൾ പോലും അൻവർ പറഞ്ഞതിന്റെ നാലയലത്തു പോലും ഒരു കാലത്തും എത്തിയിട്ടില്ല. ഏതാനും ദിവസങ്ങൾ മുൻപ് വരെ പിണറായി വിജയൻ പിതൃ തുല്യൻ ആണെന്ന് പറഞ്ഞിരുന്ന ആളാണ് അൻവർ എന്നു കൂടി ഓർക്കണം. അൻവറിന്റെ ആക്ഷേപങ്ങൾ അക്കമിട്ട് ഒന്നു നിരത്തി നോക്കാം.
1. പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി. 2. പി ശശി കാട്ടു കള്ളൻ 3. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ 4. പിണറായി ഇവരെ സംരക്ഷിക്കുന്ന ആൾ. 4 പിണറായി പൂരം കലക്കലിലും സ്വർണക്കടത്തിലും ഒത്താശ ചെയ്ത ആൾ. 5. മുഖ്യമന്ത്രി അംഗവൈകല്യം സംഭവിച്ച ക്യാപ്റ്റൻ 6. ആഭ്യന്തരം ഭരിക്കാൻ യോഗ്യതയില്ല. 7. ഭരണം മുഹമ്മദ് റിയാസിനു വേണ്ടി 8. മുഖ്യമന്ത്രി വഞ്ചിച്ചു, കൊടുംചതി കാണിച്ചു 9. തനിക്കെതിരെ ഗവർണർ കത്തു നൽകിയെന്നു കളവ് പറഞ്ഞു 10. എല്ലാ പാർട്ടി നേതാക്കളും ഒറ്റക്കെട്ട് 11. തട്ടിപ്പ് നടത്തുന്നത് നേതാക്കളുടെ സംഘം 11. പഞ്ചായത്ത് തലത്തിൽ വരെ അഡ്ജസ്റ്റ്മെന്റ്. 12. എ ഡി ജി പി പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ 13.ബിജെപി ക്കു ഒരു സീറ്റ് ഉണ്ടാക്കി കൊടുക്കേണ്ടത് ആരുടെ ആവശ്യമാണോ, അവരുടെ നിർബന്ധിതാവസ്ഥ നടപ്പിലായി 14. കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ് മെന്റ് നടത്തേണ്ടത് ആവശ്യമായ ആൾ എ ഡി ജി പി ക്കു നിർദേശം നൽകി 15. ബിജെപി യുടേത് ഫെയർ പ്ലേ. അവർ ജയിച്ചു 16. ഗോവിന്ദൻ മാഷ് നിസ്സഹായൻ, പിണറായിയെ പേടി. 17.കോടിയേരി മരിച്ചപ്പോൾ ബോഡി എ കെ ജി സെന്ററിൽ കൊണ്ടു പോയില്ല. 18. സഖാക്കൾക്ക് കോടിയേരിയെ അവസാന നോക്കു കാണാൻ അവസരം നിഷേധിച്ചു. 19. ബോഡി ചെന്നൈയിൽ നിന്നു കണ്ണൂരിലെത്തിച്ചു തിരക്കിട്ടു സംസ്കരിച്ചു. 20. മുഖ്യമന്ത്രിക്കും കുടുംബത്തിനും യൂറോപ്യൻ ടൂറിനു പോകാനായിരുന്നു ഇത്. 21. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങിനെ മൈക്കും വെച്ചു ഇരിക്കേണ്ടി വരില്ലായിരുന്നു. 22. മുഖ്യമന്ത്രി എന്നെ കള്ളനാക്കാൻ നോക്കി, ഭീഷണിപ്പെടുത്തി. 23. എ ഡി ജി പി യെ സംരക്ഷിക്കുന്നത് റിയാസിന് വേണ്ടി. 24. മലപ്പുറത്തെ സിപിഎം നേതാക്കൾ പാവങ്ങളാണ്, നിസ്സഹായർ. 25. പാർട്ടിയ്ക്ക് കൊടുത്ത പരാതികൾ ബൈൻഡ് ചെയ്താൽ ഒരു നോവൽ ആകും. .കത്ത് നാളെ പുറത്തു വിടും 26.ഞായറാഴ്ച നിലമ്പൂരിൽ പൊതുയോഗം 27. ലീഗും കോൺഗ്രസും എടുക്കില്ല. ബി ജെ പി യിൽ ചേരാൻ പറ്റുകയുമില്ല. ആരുടെയും ഊര കണ്ടല്ല പി വി അൻവർ നടക്കുന്നത് 28. ജനങ്ങൾ തന്നതാണ് എം എൽ എ സ്ഥാനം. അതു രാജി വെക്കില്ല. 29 നിയമസഭയിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിൽ സീറ്റ് തരാൻ സ്പീക്കറോട് പറയും. സി എമ്മിനെക്കാൾ ഉളുപ്പിൽ അവിടെ ഇരിക്കും 29. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ല 30. ഏറ്റവും വലിയ സെക്കുലർ പാർട്ടി എന്ന നിലയിലാണ് സിപിഎമ്മിലേക്ക് പോയത്. സ്വന്തം കാര്യത്തിന് ചില നേതാക്കൾ ബിജെപിയുമായി അഡ്ജസ്റ്റ്മെന്റ് നടത്തുമ്പോൾ പി വി അൻവർ അതിൽ ഉണ്ടാകില്ല. 31. ഞാൻ അറിഞ്ഞ വിവരങ്ങൾ പുറത്തു പറഞ്ഞാൽ എ കെ ജി സെന്റർ പൊളിച്ചു സഖാക്കൾ ഓടേണ്ടി വരും.
ശരിയല്ലേ? ഇത്രയേറെ ആരോപണങ്ങൾ പിണറായി വിജയനെതിരെ ആരെങ്കിലും ഇന്നേവരെ ഉന്നയിച്ചിട്ടുണ്ടോ? അതും ഒരാഴ്ച മുൻപ് വരെ പിതൃ തുല്യൻ ആയിരുന്ന ആൾക്കെതിരെ.
സിപിഎമ്മിനെ പോലൊരു പാർട്ടിയെ അൻവർ എന്ന ഒറ്റയാൾ പട്ടാളം വെല്ലുവിളിക്കാൻ ധൈര്യപ്പെടുന്നു എന്നത് നിസ്സാരവൽക്കരിക്കാനാവില്ല. അഴിമതിക്കാരൻ എന്നതിന് പുറമെ ഹിന്ദു വർഗീയതക്കു ചൂട്ടു പിടിക്കുന്ന ആൾ എന്ന ആക്ഷേപവും പിണറായി വിജയന് മേൽ വന്നു പതിച്ചിരിക്കുന്നു. രണ്ടാം പിണറായി സർക്കാർ വന്നത് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ചു മുസ്ലിം ജനവിഭാഗത്തിന്റെ പിന്തുണയിലാണ്. അതു വലിയ തോതിൽ നഷ്ടപ്പെട്ട അവസ്ഥയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ സിപിഎമ്മിന്റെ ഒപ്പം നിന്നിരുന്ന ഹിന്ദു വോട്ടുകൾ ബിജെപി യിലേക്കും മുസ്ലിം വോട്ടുകൾ യു ഡി എഫിലേക്കും പോയതായി കാണാം. ഈ ഒഴുക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർന്നാൽ വടകര ലോക്സഭാ ഫലം സംസ്ഥാനത്തെ പല നിയമസഭാ സീറ്റുകളിലും ആവർത്തിക്കും. തെറ്റ് തിരുത്തും എന്ന് പറയുന്നതല്ലാതെ സിപിഎം അതു നടപ്പിൽ വരുത്തുന്നില്ല. തിരുത്തപ്പെടേണ്ട തെറ്റ് എന്താണെന്നു ആ പാർട്ടിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും നിശ്ചയം ഉണ്ടെങ്കിലും അവർ മൗനം പാലിക്കുന്നു.