കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ വെളിപ്പെടുത്തലില്‍ നടി രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ.
ഏതെങ്കിലും ഊഹാപോഹത്തിനുമേലും ഏതെങ്കിലും കമ്മിറ്റിയുടെ കണ്ടെത്തലിനുമേലും കേസെടുത്താല്‍ അത് നിയമപരമായി നിലിനില്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
“കുറ്റം അന്വേഷിച്ചു തെളിഞ്ഞാലാണ് ഒരാള്‍ കുറ്റക്കാരനാകുന്നത്. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാൻ പാടുണ്ടോ? അദ്ദേഹം നിരപരാധിയാണെങ്കില്‍ എന്തു ചെയ്യും? ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ കലാകാരനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ സൈറ്റിലാണു സംഭവം ഉണ്ടായതെന്നാണ് അറിയുന്നത്. സഹപ്രവർത്തകരും ഒപ്പമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സർക്കാർ വേട്ടക്കാരനൊപ്പമല്ല, ഇരയ്‌ക്കൊപ്പമാണ്. പരാതിക്കു മേലേ കേസെടുക്കാനാകൂ. ഏതെങ്കിലും ഊഹാപോഹത്തിനുമേലും ഏതെങ്കിലും കമ്മിറ്റിയുടെ കണ്ടെത്തലിനുമേലും കേസെടുത്താല്‍ നിലിനില്‍ക്കില്ല. സർക്കാർ സ്ത്രീകള്‍ക്കൊപ്പമാണ്. അവർക്കെതിരെ ആക്രമണമുണ്ടായാല്‍ നടപടിയുണ്ടാകും” – മന്ത്രി വിശദീകരിച്ചു.
ഏത് ഉന്നതനായാലും പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ എല്ലാ നിർദേശങ്ങളും ഒന്നൊന്നായി നടപ്പാക്കുമെന്നും സിനിമാ വ്യവസായത്തെ ഒന്നാകെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.