തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജ്യൂഡിഷല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. എഡിജിപി എം.ആര്‍ അജിത്ത് കുമാറിന്റെ ആര്‍എസ്‌എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ട്.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തില്‍ നിന്ന് 2 കോടി രൂപയാക്കി മാറ്റിയത്. അന്ന് ടിഎന്‍ പ്രതാപന്‍ എംപി ഉപവാസം നടത്തിയപ്പോള്‍ താനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചു.
തൃശ്ശൂര്‍ പൂരം കലക്കാന്‍ വളരെ മുന്‍പ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്‌എസ് നേതാവിനെ കാണാന്‍ എം.ആര്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസില്‍ രക്ഷപെടാനുമാണ് മുഖ്യമന്ത്രി അജിത്ത് കുമാറിനെ പറഞ്ഞ് അയച്ചത്. കേരളം കൈവിട്ടാലും മോദി ഉണ്ടെന്നുള്ള വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു.