വീണ്ടും ‘കനല്‍ ഒരു തരി’ പലയിടത്തും NDA രണ്ടാമത്

2019ലേതിന് സമാനമായി ഇത്തവണയും കേരളത്തില്‍ നിന്ന് ലോക്സഭയിലെത്തിയത് ഒരേയൊരു സിപിഎം അംഗം. കഴിഞ്ഞ തവണ ‘കനലൊരു തരി’ ആലപ്പുഴയില്‍ നിന്ന് എ എം ആരിഫ് ആയിരുന്നെങ്കില്‍ ഇത്തവണ ആ കനല്‍ കെട്ടു.

പകരം മന്ത്രി കെ രാധാകൃഷ്ണൻ ആലത്തൂർ മണ്ഡലം തിരികെ പിടിച്ചതുമാത്രമാണ് സിപിഎമ്മിന് ഇത്തവണ ആശ്വസിക്കാനുള്ളത്. ഒരു പോളിറ്റ് ബ്യൂറോ അംഗം, മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, മൂന്ന് ജില്ലാ സെക്രട്ടറിമാർ, 3 എംഎല്‍എമാർ എന്നിങ്ങനെ വമ്ബൻ നേതാക്കള്‍ക്കൊന്നും ഇത്തവണ അഭിമാന പോരാട്ടത്തില്‍ ജയിച്ചുകയറാനായില്ല.

ചേലക്കരയില്‍ നിന്നുള്ള നിയമസഭാംഗവും പിണറായി മന്ത്രിസഭയിലെ ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനാണ് ഇത്തവണ പാർട്ടിയുടെ രക്ഷകനായത്. മറ്റിടങ്ങളില്‍ വമ്ബൻമാരെല്ലാം വീണപ്പോഴും വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷന്‍ ഇടതുമുന്നണിയുടെ മാനം കാത്തു. 19,587 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷണന്റെ വിജയം. 3,98,818 വോട്ടുകളാണ് അദ്ദേഹം നേടിയത്. നിലവില്‍ മന്ത്രി സ്ഥാനം ഉള്ളൊരു വ്യക്തി വീണ്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയെങ്കിലും കൈവിട്ടു പോയ ആലത്തൂര്‍ മണ്ഡലത്തെ പിടിച്ചെടുക്കാന്‍ എല്‍ഡിഎഫിന് മുന്നില്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്‍ഡിഎഫിന്റെ കണക്ക് കൂട്ടല്‍ തെറ്റിയില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് കെ രാധാകൃഷ്ണന്റെ വിജയം.

ഇടതുപക്ഷത്തിന്റെ കോട്ടകളില്‍ ഇത്ര വലിയ വിള്ളല്‍ അടുത്തകാലത്തെങ്ങുമുണ്ടായിട്ടില്ല. അത്രത്തോളം വോട്ടുചോർച്ചയാണ് ഇക്കുറി.

എക്കാലത്തും ഇടതുകോട്ടയായിനിന്ന കായംകുളത്തും ചേർത്തലയിലും വോട്ട് കുത്തിയൊലിച്ചുപോയി. ഇതില്‍ കായംകുളത്ത് സി.പി.എം. മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നതാണ് വലിയ ദയനീയത.

കായംകുളത്ത് 2019-ല്‍ എ.എം. ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയതാണ്. ഇക്കുറി കെ.സി. വേണുഗോപാല്‍ 1444 വോട്ടിന്റെ ഭൂരിപക്ഷം നേടി. വേണുഗോപാല്‍-50216, എ.എം. ആരിഫ്-48020, ശോഭാ സുരേന്ദ്രൻ-48775 എന്നിങ്ങനെയാണ് വോട്ടുകിട്ടിയത്. അതായത് ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി. കഴിഞ്ഞപ്രാവശ്യം ആരിഫിന് 62,370 വോട്ട് ലഭിച്ചിരുന്നതാണ്.

ചേർത്തലയില്‍ കഴിഞ്ഞപ്രാവശ്യം ആരിഫിന് 16,895 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി വേണുഗോപാലിനാണ് ഭൂരിപക്ഷം 843. ഇവിടെ കഴിഞ്ഞപ്രാവശ്യം ആരിഫിനു ലഭിച്ചത് 83,221 വോട്ട്. ഇക്കുറി 61,858 മാത്രം. അതേസമയം എൻ.ഡി.എ.യ്ക്ക് കഴിഞ്ഞപ്രാവശ്യം ഇവിടെ ലഭിച്ചത് 22,655 ആയിരുന്നത് ഇക്കുറി 40,474 ആയി.

ഹരിപ്പാട് മണ്ഡലത്തില്‍ ആരിഫിന് കഴിഞ്ഞ തവണ 55,601 വോട്ട് ലഭിച്ചതാണെങ്കില്‍ ഇക്കുറി 41,769 വോട്ടുമാത്രമാണ്. എന്നാല്‍, എൻ.ഡി.എ.യ്ക്ക് കഴിഞ്ഞപ്രാവശ്യം 26,238 വോട്ടുകിട്ടിയത് ഇക്കുറി 47,121 വോട്ടായി കുതിച്ചു. 5352 വോട്ട് ആരിഫിനെക്കാള്‍ കൂടുതല്‍ ശോഭാ സുരേന്ദ്രൻ പിടിച്ചു.

ഇതിനുപുറമേ കരുനാഗപ്പള്ളിയില്‍ വെറും 191 വോട്ടിന്റെ വ്യത്യാസംമാത്രമാണ് ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്. അമ്ബലപ്പുഴയിലാകട്ടെ ഇത് 110 മാത്രമാണ്.

ചേർത്തല: ഒപ്പമെത്തിയാല്‍പ്പോലും നേട്ടമെന്ന് യു.ഡി.എഫ്. കണക്കാക്കിയിരുന്ന ചേർത്തലയിലും കെ.സി. വേണുഗോപാലിനു മേല്‍ക്കൈ. 843 വോട്ടാണ് കോണ്‍ഗ്രസ് സ്ഥാനാർഥി ഇടതുകോട്ടയായ ചേർത്തലയില്‍ അധികം നേടിയത്.

2019-ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുതന്നെ എല്‍.ഡി.എഫിന്റെ ഏക വിജയത്തിനു സഹായകമായതില്‍ പ്രധാനം ചേർത്തലയുടെ നിലപാടായിരുന്നു. എ.എം. ആരിഫിന് അന്ന് 16,894 വോട്ടിൻറെ മുൻതൂക്കം ലഭിച്ചിരുന്നു. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 6,148 വോട്ടിൻറെ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. ഇതു മറികടന്നാണ് വേണുഗോപാലിന്റെ നേട്ടം.

കഞ്ഞിക്കുഴിയിലും വയലാറിലും മുഹമ്മയിലും എല്‍.ഡി.എഫ്. നേരിയ ലീഡുനേടിയപ്പോള്‍ ചേർത്തല നഗരസഭയിലും ചേർത്തലതെക്ക്, തണ്ണീർമുക്കം, കടക്കരപ്പള്ളി, പട്ടണക്കാട് ഗ്രാമപ്പഞ്ചായത്തുകളില്‍ യു.ഡി.എഫ്. മേല്‍ക്കൈനേടി. യു.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനവും സ്ഥാനാർഥിയുടെ മികവുമാണ് നേട്ടമായതിനുപിന്നിലെന്ന് തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ കെ.ആർ. രാജേന്ദ്രപ്രസാദ് പറഞ്ഞു.

പൂച്ചാക്കല്‍: യു.ഡി.എഫ്. സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ തിളക്കമാർന്ന വിജയത്തിന് വലിയ താങ്ങും തണലുമേകി അരൂർ നിയോജകമണ്ഡലം ഒപ്പംനിന്നു. യു.ഡി.എഫ്. കേന്ദ്രങ്ങളുടെ പ്രതീക്ഷയെയും കടത്തിവെട്ടി അരൂർ നല്‍കിയത് എതിർസ്ഥാനാർഥി എല്‍.ഡി.എഫിലെ എ.എം. ആരിഫിനെക്കാള്‍ 11,016 വോട്ടിന്റെ ഭൂരിപക്ഷം.

കഴിഞ്ഞതവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോള്‍ ഉസ്മാന് എ.എം. ആരിഫിനെക്കാള്‍ അരൂരില്‍നിന്നു ലഭിച്ചത് 648 വോട്ടാണ്. ഇത്തവണത്തെ 60,978 വോട്ടും എല്‍.ഡി.എഫ്. സ്ഥാനാർഥി എ.എം. ആരിഫിന് 49,962 വോട്ടും എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന് 37,491 വോട്ടുമാണു ലഭിച്ചത്. ബി.ജെ.പി.ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിനെക്കാള്‍ 12241 വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞതവണ ബി.ജെ.പി. സ്ഥാനാർഥിക്ക് 25250 വോട്ടാണു ലഭിച്ചത്. എല്‍.ഡി.എഫ്.സ്ഥാനാർഥിക്ക് അരൂർ മണ്ഡലത്തില്‍നിന്ന് അയ്യാരിരത്തിനും പതിനായിരത്തിനും ഇടയില്‍ വോട്ട് കൂടുതല്‍ കിട്ടുമെന്നായിരുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *