ലൈംഗീകാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ പിന്തുണച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി.
സുരേഷ് ഗോപിയുടെ പരാമര്‍ശം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും പാര്‍ട്ടി നിലപാട് അതല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. നിലപാട് പറയാന്‍ സുരേഷ് ഗോപിയ്ക്ക് സ്വാതന്ത്ര്യമുണ്ട്. ഇന്നത്തെ വിഷയം സുരേഷ് ഗോപിയുടെ പരാമര്‍ശമല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
‘സ്ത്രീ പീഡനത്തിന്റെ അപ്പോസ്തലന്‍ ആണ് മുകേഷ്. രക്ഷിതാക്കളെ വരെ പീഡിപ്പിക്കാന്‍ മടിയില്ലാത്തയാളാണ്. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ രഞ്ജിത്തും സിദ്ധീഖും രാജി വച്ചു. കൊല്ലം എംഎല്‍എ മുകേഷിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. മറ്റ് രണ്ടു പേരെക്കാള്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കേണ്ടത് മുകേഷാണ്. ഗൗരവകരമായ ആരോപണമാണ് മുകേഷിന് എതിരെ ഉയര്‍ന്നതെന്നും അടിയന്തരമായി മുകേഷ് രാജിവയ്ക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഇഷ്ടക്കാരാണേല്‍ എന്തുമാകാമെന്ന സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത നിഴലിലാണ്. മുകേഷ് കോണ്‍ക്ലേവില്‍ പങ്കെടുത്താല്‍ കോണ്‍ക്ലേവ് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.