ചിക്കനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുറയുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് വര്‍ധിച്ചതോടെയാണ് പച്ചക്കറി വില കുറഞ്ഞു തുടങ്ങിയത്.
തക്കാളി, ബീന്‍സ്, വെണ്ടക്ക, മുരിങ്ങക്ക, തുടങ്ങിയവക്കാണു വില കുറഞ്ഞത്. ചിലയിടങ്ങളില്‍ ഒന്നരക്കിലോ പാവയ്ക്ക 100 രൂപയ്ക്കു ലഭിക്കുന്നുണ്ട്.എണ്‍പതു രൂപയോളമുണ്ടായിരുന്ന ബീന്‍സ് വില 35 രൂപ ആയി. ചിലയിടങ്ങളില്‍ മൂന്നു കിലോ നൂറു രൂപയ്ക്കു ലഭിക്കുന്നുണ്ട്. നേരത്തെ 150 രൂപ വരെ ഉയര്‍ന്ന തക്കാളിയുടെ വില കിലോക്ക് 35-40 രൂപയായി. അറുപത് മുതല്‍ എണ്‍പതു രൂപയുണ്ടായിരുന്ന വെണ്ടക്കയുടെ വില 45 രൂപയായി കുറഞ്ഞു. ബീറ്റ്റൂട്ടാകട്ടെ എണ്‍പതില്‍ നിന്ന് 40ല്‍ എത്തി. മുരിങ്ങക്ക വില 40-45 രൂപവരെയായി. സവാളക്കടക്കം നേരത്തേതന്നെ വില കുറഞ്ഞിരുന്നു.
ഇഞ്ചി-160, കോവയ്ക്ക 42, പടവലങ്ങ 45, വെള്ളരി 28 രൂപയുമാണ് ചില്ലറ വില്‍പ്പന ശാലകളിലെ വില. അതേസമയം, കാരറ്റ് വില ഉയര്‍ന്നു തന്നെയാണ്, 160 രൂപയായിരുന്ന വില കുറഞ്ഞുവെങ്കിലും 120 രൂപയില്‍ നില്‍ക്കുകയാണ്. ചേന അടക്കമുള്ള കിഴങ്ങ് വര്‍ഗങ്ങള്‍ക്കു വില ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ചേന കിലോക്ക് 80 രൂപയാണു വില. ഏത്തക്കായ്ക്കും വില കുറഞ്ഞിട്ടില്ല. 75 രൂപ വരെയൊണ് ഏത്തക്കായ വില.
ഒന്നര മാസം മുമ്ബ് 45 രൂപയ്ക്കാണ് ഏത്തക്കായ വിറ്റുപോയത്. ഓണം സീസണ്‍ ആകുമ്ബോഴേക്കും ഏത്തക്കായുടെ വില കുതിച്ചു പായുമെന്നാണു വ്യാപാരികളുടെ വിലയിരുത്തല്‍. ഏത്തക്കായ്ക്ക് നല്ല വില ലഭിക്കുന്നതോടെ പ്രാദേശിക കര്‍ഷകരും സന്തോഷത്തിലാണ്. വരള്‍ച്ചയും ശക്തമായ കാറ്റും മഴയും ഉള്‍പ്പടെ വന്നതോടെ ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷി വ്യാപകമായി നശിച്ചിരുന്നു. ഈ നഷ്ടം നികത്താന്‍ സാധിക്കുന്നില്ലെങ്കിലും ഇപ്പോള്‍ മികച്ച വില ലഭിക്കുന്നത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.