പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് വീണ്ടും ഭർത്താവിന്റെ മർദനം. എന്നാല്‍, തനിക്ക് പരാതിയില്ലെന്നും നാട്ടിലേക്ക് പോയാല്‍ മതിയെന്നുമാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
നിലവില്‍ പരിക്കേറ്റവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ടെന്നാണ് വിവരം. ഭർത്താവ് രാഹുല്‍ പി.ഗോപാല്‍ കരുതല്‍ തടങ്കലിലാണ്. അതേസമയം, നിയമനടപടി സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം പ്രതികരിച്ചു.ഈയിടെയാണ് കേസ് ഹൈക്കോടതി റദ്ദാക്കിയത്. രാഹുലിന്‍റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഉഭയസമ്മത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗണ്‍സിലിങ്ങിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ കൗണ്‍സിലറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് റദ്ദാക്കാമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്.
ഭർതൃവീട്ടില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കുടുംബത്തില്‍ നിന്നുള്ള സമ്മർദം കാരണമാണ് പരാതി നല്‍കിയതെന്നും തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.