വ്യവസായ ഭീമൻ ഗൗതം അദാനിക്ക് വേണ്ടി നിയമത്തില്‍ ഇളവ് വരുത്തി കേന്ദ്രസർക്കാർ. 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശിന് നല്‍കാമെന്ന് കരാർ ഉറപ്പിച്ച അദാനിയുടെ പവർ പ്ലാന്റിന് വേണ്ടിയാണ് കേന്ദ്രസർക്കാർ നിയമങ്ങളില്‍ ഇളവ് വരുത്തിയത്.
റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
ആഗസ്റ്റ് 12നാണ് ഇതുമായി ബന്ധപ്പെട്ട മെമ്മോ ഊർജമന്ത്രാലയം പുറപ്പെടുവിച്ചത്. അദാനിയുടെ ഗോദയിലുള്ള 1600 മെഗാവാട്ട് ശേഷിയുള്ള പവർ പ്ലാന്റ് 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശിനാണ് വില്‍ക്കുന്നത്. നിയമത്തില്‍ ഇളവ് വരുത്തിയതോടെ ബംഗ്ലാദേശിന് വില്ക്കാൻ കരാർ ഉറപ്പിച്ച വൈദ്യുതി അദാനിക്ക് ഇന്ത്യക്കും നല്‍കാനാവും.
ഇതോടെ ബംഗ്ലാദേശില്‍ രാഷ്ട്രീയപ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണത്തില്‍ പ്രതിസന്ധിയുണ്ടായാലും അദാനിക്ക് പ്രശ്നമുണ്ടാവില്ല . 2018ലാണ് വിദേശ രാജ്യങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇതിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
അയല്‍രാജ്യത്തേക്ക് വൈദ്യുതി വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തില്‍ അത് ഇന്ത്യൻ ഗ്രിഡിന് നല്‍കാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. അയല്‍രാജ്യത്ത് നിന്നുള്ള പേയ്മെന്റ് മുടങ്ങിയാലും ഇത്തരത്തില്‍ വൈദ്യുതി ഇന്ത്യൻ ഗ്രിഡിന് നല്‍കാനാവുമെന്നും ഉത്തരവില്‍ പറയുന്നു.