ബംഗാളില്‍ ജൂനിയർ വനിതാ ഡോക്ടറുടെ കൊലപാതകം കൂട്ടബലാത്സംഗമെന്ന് സംശയിച്ച് യുവതിയുടെ മാതാപിതാക്കള്‍ കോടതിയില്‍.
യുവതിയുടെ ശരീരത്തില്‍ നിന്നും 150 മില്ലിഗ്രാം ബീജം കണ്ടെത്തിയ സാഹചര്യത്തിലാണ് ഡോക്ടറുടെ കുടുംബം രംഗത്തെത്തിയത്. മകളുടെ ശരീരത്തില്‍ നിന്നും വ്യത്യസ്ത ബീജങ്ങള്‍ കണ്ടെത്തിയതായി പൊലീസ് ആദ്യം പറഞ്ഞിരുന്നുവെന്നും കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ഭാഗങ്ങളിലടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റിരുന്നു. കഴുത്തില്‍ മർദ്ദം ചെലുത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നുണ്ട്. അവളുടെ ചുണ്ടുകളടക്കം മുറിഞ്ഞ നിലയിലായിരുന്നുവെന്നും ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് കൂട്ടബലാത്സംഗത്തിലേക്കാണെന്നും യുവതിയുടെ മാതാപിതാക്കളുടെ ഹർജിയില്‍ പറയുന്നു.
കഴുത്തില്‍ കടിയേറ്റ പാടുകളുണ്ട്. ശരീരത്തില്‍ നിന്നും ഗണ്യമായ അളവിലുള്ള ബീജമാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ കൊലപാതകത്തില്‍ ഒന്നിലധികം വ്യക്തികളുടെ പങ്കുണ്ടെന്ന് മനസിലാക്കാം. സർക്കാരിന്റെ ഭാഗത്ത് നിന്നോ പൊലീസിന്റെ ഭാഗത്ത് നിന്നോ പ്രതികളെ പിടികൂടുന്നതില്‍ കൃത്യമായ നടപടികളുണ്ടായില്ല. സംഭവത്തില്‍ ഒരാളെ പിടികൂടിയെങ്കിലും അയാള്‍ മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നില്ലെന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു.
പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയിരുന്നു. നിലവില്‍ പിടിയിലായ സഞ്ജയ് റോയ് സിബിഐയുടെ കസ്റ്റഡിയിലാണ്. ആർജി കാർ കോളേജ് പിൻസിപ്പലിനെ ചോദ്യം ചെയ്യാത്ത നടപടിയെയും അദ്ദേഹത്തിന്റെ സസ്‌പെൻഷൻ ഒഴിവാക്കി പുനർ നിയമനം നല്‍കി നടപടിയ്‌ക്കെതിരെയും മമത സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.