ബംഗ്ലാദേശിലെ പോലെ ഒരു ദിവസം ഇന്ത്യന്‍ ജനതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് ഇരച്ച് കയറുമെന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ സിങ് വര്‍മ.
പരാമര്‍ശത്തിനെതിരെ ബിജെപി യുവജന വിഭാഗം രംഗത്തെത്തി.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദുര്‍ഭരണത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ അവരുടെ വസതിയിലേക്ക് ഇരച്ച് കയറിയതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് വര്‍മ ഇക്കാര്യം സൂചിപ്പിച്ചത്. ഇന്‍ഡോറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീലങ്കയില്‍ 2022ല്‍ സംഭവിച്ചു. ഇപ്പോഴിതാ ബംഗ്ലാദേശിലും ഉണ്ടായിരിക്കുന്നു. അടുത്തത് ഇന്ത്യയുടെ ഊഴമാണെ’ന്നും മുന്‍ മന്ത്രി കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഴിമതി ആരോപണത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
വര്‍മ്മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനത യുവമോര്‍ച്ച (ബിജെവൈഎം) ഇന്‍ഡോര്‍ സിറ്റി അധ്യക്ഷന്‍ സൗഗത് മിശ്ര രംഗത്തെത്തി. പൊലീസില്‍ ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
ദേശ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് വര്‍മ്മയ്‌ക്കെതിരെ ഉയര്‍ത്തിയിട്ടുള്ള പ്രധാന ആരോപണം. 140 കോടി ഇന്ത്യക്കാരുടെ വികാരങ്ങളെയും വര്‍മ വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.