ഷെയ്ഖ് ഹസീന ഇന്ത്യയില്‍: കലാപകാരികളോട് പിന്മാറാന്‍ സൈന്യം, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കും

ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച്‌ ഷെയ്ഖ് ഹസീന. സർക്കാറിനെതിരായ പ്രക്ഷോഭം ശക്തമായതിന് പിന്നാലെയാണ് രാജി.

കലാപം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഹെലികോപ്ടറില്‍ ഇന്ത്യയിലേക്ക് എത്തിയതായുള്ള റിപ്പോർട്ടുകളും പുറപ്പെടുന്നുണ്ട്. പ്രധാനമന്ത്രി രാജിവെച്ച പശ്ചാത്തലത്തില്‍ പ്രക്ഷോഭകാരികളോട് സമാധാനത്തിലേക്ക് മടങ്ങാന്‍ ബംഗ്ലാദേശ് സൈന്യം ആവശ്യപ്പെട്ടു.

സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വക്കർ-ഉസ്-സമാൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

“രാജ്യത്ത് ഒരു പ്രതിസന്ധിയുണ്ട്. ഞാൻ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ഈ രാജ്യം ഭരിക്കാൻ ഞങ്ങള്‍ ഇടക്കാല സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു. നിങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും മറ്റ് എല്ലാ ഉത്തരവാദിത്തവും വാഗ്ദാനവും ഞാൻ ഏറ്റെടുക്കുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റും. ദയവായി ഞങ്ങളെ പിന്തുണയ്ക്കൂ. നിങ്ങള്‍ ഞങ്ങളോടൊപ്പം പ്രവർത്തിക്കുകയാണെങ്കില്‍ സമാധാനം നേടാനാകും, അക്രമത്തിലൂടെ ഞങ്ങള്‍ക്ക് ഒന്നും നേടാനാകില്ല,” അദ്ദേഹം പറഞ്ഞു.

അനുജത്തി ഷെയ്ഖ് രഹനയ്ക്ക് ഒപ്പമാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് വന്നതെന്നാണ് വിവരം. അതേസമയം, അവരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗനഭബനില്‍ അതിക്രമിച്ച്‌ കയറിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ അപ്പോഴേക്കും പ്രധാനമന്ത്രി സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.

1971-ല്‍ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത ക്വാട്ട സമ്ബ്രദായത്തിനെതിരായ പ്രക്ഷോഭമാണ് ബംഗ്ലാദേശില്‍ കലാപത്തിലേക്ക് വഴിമാറിയത്. ഭരണകക്ഷിയായ അവാമി ലീഗിനെ പിന്തുണയ്ക്കുന്നവർക്ക് മാത്രമാണ് ഈ സംവിധാനം ഗുണകരമാകുകയെന്നും ഇതിന് പകരം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനം വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതിഷേധം വർധിച്ചതോടെ അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശക്തമായ രീതിയില്‍ കലാപത്തെ അടിച്ചമർത്തനായിരുന്നു ശ്രമിച്ചത്. പ്രതിഷേധക്കാരും പൊലീസും ഉള്‍പ്പെടെ മുന്നൂറിലേപ്പേറെ കലാപത്തില്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഞായറാഴ്ച മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്.

400,000 പ്രതിഷേധക്കാര്‍ തെരുവിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രൂക്ഷമായ ഏറ്റുമുട്ടലില്‍ ഇന്നലെ മാത്രം 98 പേര്‍ കൊല്ലപ്പെട്ടിരുന്നു. ധാക്കയില്‍ രാഷ്ട്രപിതാവ് ഷെയ്ക് മുജീബുർ റഹ്മാൻ്റെ പ്രതിമ പ്രക്ഷോഭകർ തകർക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *