ചൈനയിലെ ചില പ്രവിശ്യകളില്‍ ന്യൂമോണിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാന മെഡിക്കല്‍ ബോര്‍ഡും പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും വിദഗ്ധ ഡോക്ടര്‍മാരും നിലവിലെ സാഹചര്യം വിശകലനം ചെയ്യുകയാണ്. സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അസാധാരണമായ വര്‍ധനവൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ കേസുകള്‍ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചൈനയിലെ ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും പരിപൂര്‍ണ സജ്ജമായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.