പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് വയനാട്ടിലെ ജനങ്ങള്‍ക്ക് വൈകാരികമായ കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മാധ്യമങ്ങളെ കണ്ട് വയനാട് ഒഴിയുകയാണെന്ന് പറഞ്ഞപ്പോഴുള്ള ദു:ഖം നിങ്ങള്‍ക്ക് എന്റെ കണ്ണുകളില്‍ കണ്ടിട്ടുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. ഏറ്റവും ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ എനിക്ക് സംരക്ഷണം നല്‍കി.
ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തത്. വയനാട്ടുകാര്‍ക്കൊപ്പം ഇനിയും കൂടെയുണ്ടാവുമെന്നും രാഹുല്‍ കത്തില്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് അഞ്ച് വര്‍ഷം മുമ്ബ് നിങ്ങളുടെ മുന്‍പിലേക്ക് വരുമ്ബോള്‍ താന്‍ അപരിചിതനായിരുന്നു. എന്നാല്‍ വയനാട്ടുകാരെ തന്നെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയെന്നും രാഹുല്‍ വ്യക്തമാക്കി.
ഓരോ ദിനവും താന്‍ അപമാനിക്കപ്പെട്ടപ്പോള്‍, നിങ്ങള്‍ എന്നെ അളവില്ലാത്ത സ്‌നേഹത്താല്‍ സംരക്ഷിച്ചു. നിങ്ങളായിരുന്നു എന്റെ അഭയവും, വീടും, കുടുംബവുമെന്ന് രാഹുല്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്ബ് പെണ്‍കുടടികലാണ് എന്റെ പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയത്.
ഞാന്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വരുമ്ബോള്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തില്‍ നിന്നുള്ളയാളാണെന്നോ, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്‌നമായിരുന്നില്ല.
രാജ്യത്തോട് സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പ്രതിദിനം അധിക്ഷേപിക്കപ്പെട്ടപ്പോഴും, വേട്ടയാടപ്പെട്ടപ്പോഴും വയനാട്ടിലെ ജനങ്ങളാണ് ആശ്വസിപ്പിച്ചത്. തന്റെ പോരാട്ടത്തിന്റെ ഊര്‍ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടുവെന്നും രാഹുല്‍ കുറിച്ചു.
കേരളത്തെ വിഴുങ്ങിയ പ്രളയകാലം മനസ്സില്‍ വിങ്ങലായി ഇപ്പോഴും അവശേഷിക്കുന്നു. ഒരു നിമിഷം പോലും തളരാതെ മനുഷ്യരോട് സംവദിക്കാനുള്ള തന്റെ ആകുലതകള്‍ ഏറ്റെടുക്കാനുള്ള പ്രചോദനം ഇവിടെയുള്ള ജനങ്ങളായിരുന്നു. പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കഴിഞ്ഞത് വലിയ അഭിമാനമാണ്. ആ ജനതയോട് യാത്ര പറയുന്നതില്‍ അഗാധമായ ഹൃദയ വേദനയുണ്ട്.
പക്ഷേ വലിയൊരു ചാരിതാര്‍ത്ഥ്യത്തോടെയാണ് വയനാട്ടില്‍ നിന്ന് മടങ്ങുന്നത്. ഇനി വയനാട്ടുകാരെ പ്രതിനിധീകരിക്കാന്‍ സഹോദരി പ്രിയങ്ക ഗാന്ധിയുണ്ടാവും. അവര്‍ക്ക് എല്ലാവിധ പിന്തുണ നല്‍കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. ഒരു എംപിയെന്ന നിലയില്‍ പ്രിയങ്ക ഗംഭീരമായി തന്നെ പ്രവര്‍ത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിന് ഒരു അവസരം വയനാട്ടുകാര്‍ നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ തന്നെ ചേര്‍ത്തണച്ച വയനാടിനൊപ്പംഎന്നും കൂടെയുണ്ടാവും. നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്. മണ്ഡലത്തിലെ ഓരോ വ്യക്തിക്കും വേണ്ടി അവിടെ ഓടിയെത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നേരത്തെ വയനാട് സീറ്റ് ഒഴിയാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം പ്രിയങ്ക മത്സരിച്ച് വിജയിച്ചാല്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും പാര്‍ലമെന്റില്‍ ആദ്യമായി എത്തും. സോണിയ ഗാന്ധി രാജ്യസഭയിലും, രാഹുല്‍ ഗാന്ധി ലോക്‌സഭയിലും നിലവിലുണ്ട്.