കാലവര്‍ഷം കനക്കുന്നതോടെ കടലേറ്റത്തെ ഭയപ്പെട്ട് കഴിഞ്ഞിരുന്ന പൊന്നാനി തീരദേശവാസികള്‍ക്കിനി ആശ്വാസകാലം. കടലാക്രമണത്തെ പ്രതിരോധിക്കുന്നതിനായുള്ള അടിയന്തര കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായി.
പൊന്നാനി എം.ഇ.എസ് കോളജിന് പിൻവശത്ത് ഹിളര്‍ പള്ളി ഭാഗത്തെ 218 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ ഭിത്തി നിര്‍മാണവും മുല്ല റോഡ് ഭാഗത്ത് 134 മീറ്റര്‍ നീളത്തിലും അജ്മീര്‍ നഗറില്‍ 78 മീറ്റര്‍ നീളത്തിലും ജിയോ ബാഗ് സ്ഥാപിക്കുന്ന പണികളും പൂര്‍ത്തിയായി.
ഇതോടെ പൊന്നാനിയില്‍ ജിയോ ബാഗും കരിങ്കല്‍ ഭിത്തിയും ഉള്‍പ്പെടെ 430 മീറ്റര്‍ ഭാഗത്താണ് സംരക്ഷണ കവചമാണ് ഒരുക്കിയിട്ടുള്ളത്. കരിങ്കല്‍ ഭിത്തി നിര്‍മിക്കാൻ 35 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഫണ്ടും 30 ലക്ഷം രൂപയുടെ ജലസേചനവകുപ്പ് ഫണ്ടും ചേര്‍ന്ന് 65 ലക്ഷം രൂപയും ജിയോ ബാഗിനായി 26 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കാലവര്‍ഷം കനക്കുമ്ബോള്‍ കടല്‍ഭിത്തിയില്ലാത്ത തീരമേഖലയില്‍ വൻ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപ്പെടലിനെ തുടര്‍ന്ന് നടപടി.