പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ ബോംബ് ഭീഷണി മുഴക്കിയ ഗുണ്ട തീക്കാറ്റ് സാജനെ കണ്ടെത്താനാകാതെ പൊലീസ്

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിളിച്ച്‌ ബോംബ് ഭീഷണി മുഴക്കിയ ഗുണ്ട തീക്കാറ്റ് സാജനെ കണ്ടെത്താനാകാതെ പൊലീസ്.

ഗുണ്ടയുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ ചെറുപ്പക്കാരായ ‘അണി’കളെ പൊലീസ് പിടിച്ചുവെച്ചതിന്റെ പിന്നാലെയാണ് ഇവരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് ഗുണ്ട തീക്കാറ്റ് സാജന്റെ ഭീഷണിയെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടക്കം 36ലധികം ചെറുപ്പക്കാരാണ് തൃശൂര്‍ തെക്കെ ഗോപുരനട പരിസരത്ത് എത്തിയത്. വിവരമറിഞ്ഞ് എത്തിയ പോലീസ് മുഴുവന്‍ പേരേയും കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ മാതാപിതാക്കളെയടക്കം വിളിച്ചുവരുത്തി വിട്ടയയ്ക്കുകയായിരുന്നു.
ഗുണ്ടാ സംഘത്തിന് പുറകില്‍ ലഹരിസംഘങ്ങള്‍ കൂടി ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സംഘത്തില്‍ നല്ലൊരു ശതമാനം പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അതേസമയം തീക്കാറ്റ് സാജന്‍ പിടിയിലായാല്‍ നഗരത്തിലെ ക്രിമിനല്‍, ലഹരി സംഘങ്ങളെ കുറിച്ച്‌ കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മൂന്ന് കൊലപാതകം ഉള്‍പ്പെടെ 12 കേസുകളിലെ പ്രതിയാണ് പുത്തൂര്‍ സ്വദേശി തീക്കാറ്റ് സാജന്‍. അടുത്തിടെ ജയില്‍മോചിതനായ സാജന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് അനുയായികളെ ഉണ്ടാക്കിയത്. ശേഷം എസ് ജെ എന്ന പേരില്‍ ഇവരെ ചേര്‍ത്ത് വാട്‌സ്‌ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടര്‍ന്നായിരുന്നു തെക്കേഗോപുരനടയില്‍ ജന്മദിനാഘോഷം ഒരുക്കാന്‍ പ്ലാന്‍ ചെയ്തത്. പൊലീസ് എത്തിയത് അറിഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *