പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പുതിയ കുപ്പികളിലെ പഴയ വീഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പുതിയ കുപ്പികളിലെ പഴയ വീഞ്ഞാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍.

ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത( BNS), സിആര്‍പിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത (BNSS) ഇന്ത്യന്‍ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയ (BSA) എന്നിവയാണ് നിലവില്‍ വന്നത്. പേരില്‍ മാറ്റമുണ്ടെങ്കിലും അടിസ്ഥാനപരമായി അതിന്റെ ഉള്ളടക്കത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അതിരു കടന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ ബിഎസ്‌എ എന്നറിയപ്പെടുന്ന ഇന്ത്യന്‍ എവിഡന്‍സ് ആക്ടില്‍ കൊണ്ടുവന്ന മാറ്റങ്ങളില്‍, കേസ് ഹിയറിംഗുകളില്‍ അനാവശ്യ കാലതാമസം ഒഴിവാക്കാന്‍ കോടതികള്‍ക്ക് പരമാവധി രണ്ട് അഡ്‌ജോണ്‍മെന്റുകള്‍ അനുവദിച്ചിട്ടുണ്ട്. വിചാരണ അവസാനിച്ച്‌ 45 ദിവസത്തിനകം ക്രിമിനല്‍ കേസിന്റെ വിധി പറയണം. ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തണം. കോടതികള്‍ എങ്ങനെയാണ് ഇത്രയും കര്‍ശനമായ സമയപരിധി നല്‍കുവാന്‍ പോകുന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ചോദിച്ചു. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷന്‍ സംവിധാനത്തെക്കുറിച്ചും മുന്‍ സുപ്രീം കോടതി ജഡ്ജി ചോദ്യങ്ങള്‍ ഉന്നയിച്ചു.

‘പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. കാലക്രമേണ, രാജ്യത്തുടനീളമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ തിരഞ്ഞെടുപ്പിലും നിയമന പ്രക്രിയയിലും അപ്രസക്തവും അനാവശ്യവുമായ നിരവധി പരിഗണനകള്‍ കടന്നുകൂടി’യെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *