ഇടതുമുന്നണിക്ക് മുസ്‌ളീംപ്രീണനമെന്ന ആക്ഷേപം ; വെള്ളാപ്പള്ളിക്ക് മറുപടിയുമായി എം.വി.ഗോവിന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കെതിരേ മുസ്ലിം പ്രീണനമെന്ന എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തിന് മറുപടിയുമായി സിപിഎം.

എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി ‘പലമതസാരവുമേകം’ എന്ന ഗുരുദേവദര്‍ശനം തന്നെയാണോ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സിപിഎമ്മിന്റെ ന്യൂനപക്ഷ സംവരണത്തെ തെറ്റായി മനസ്സിലാക്കുന്നവര്‍ അത് തിരുത്തേണ്ടതുണ്ടെന്നും വെള്ളാപ്പള്ളിയെപ്പോലെയുള്ളവരുടെ പ്രസ്താവന ബിജെപിയ്ക്ക് വോട്ട് എത്തിച്ചുകൊടുത്തെന്നും പറഞ്ഞു.

ദേശാഭിമാനിയിലെ ലേഖനത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വിമര്‍ശനം. ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നതെന്നും തെറ്റായി ഈ നിലപാട് ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള ശ്രമങ്ങള്‍ നേതാക്കളുടെയും പാര്‍ട്ടിയുടെയും ഭാഗത്ത് നിന്നുണ്ടാകുമെന്നും പറഞ്ഞു. തെറ്റുകള്‍ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം തിരിച്ചുപിടിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവര്‍ത്തിച്ചു. രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടു തുടങ്ങിയ തുടങ്ങിയ പ്രസ്താവനകള്‍ ഈ ദിശയിലുള്ളതാണ്. ക്രിസ്ത്യന്‍ – മുസ്‌ളീം സ്പര്‍ദ്ധ വളര്‍ത്തി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വോട്ടുകളും ബിജെപി നേടിയെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ ഒരുപോലെ ഇളക്കിവിട്ട് വോട്ടു നേടുകയെന്ന അത്യന്തം നാടകീയ നീക്കമാണ് ബിജെപി നടത്തുന്നതെന്നും ഇതേ ബിജെപിയാണ് മണിപ്പൂരിനെ കുരുതിക്കളമാക്കിയതെന്ന് മറക്കരുതെന്നും ഗോവിന്ദന്‍ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.

നേരത്തേ കേരളത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളും മുന്നണികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കിയതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നേരത്തേ ജനാധിപത്യം മതാധിപത്യത്തിന് വഴിമാറിയെന്ന് നേരത്തേ വെള്ളാപ്പള്ളി ആക്ഷേപിച്ചിരുന്നു. ഇടതു വലതു മുന്നണികള്‍ക്ക് അതിരുവിട്ട മുസ്‌ളിം പ്രീണനമാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്ലിം പ്രീണനം കാരണമാണെന്നും പിണറായി സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് അനര്‍ഹമായ എന്തെല്ലാമോ വാരിക്കോടി നല്‍കുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *