പാര്‍ട്ടി വിമര്‍ശനവും തള്ളി; പരാജയത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് പിണറായി; സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഉള്ളവര്‍ക്കുള്ള മറുപടി

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം കനത്ത ഭരണവിരുദ്ധ വികാരമെന്ന് വിലയിരുത്തപ്പെടുമ്ബോഴും അത് അംഗീകരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.

സിപിഎമ്മും ഘടകകക്ഷികളും ഭരണവിരുദ്ധ വികാരമുണ്ടെന്ന് വിലയിരുത്തുമ്ബോഴും അത് അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. ഫലം എല്‍ഡിഎഫിനു തിരിച്ചടിയല്ല, ഭരണവിരുദ്ധ വികാരത്തിന്റെ പേരിലാണ് ഈ തോല്‍വിയെന്ന് വിലയിരുത്തുന്നത് ശരിയല്ല എന്ന് കോഴിക്കോട് പൊതുവേദിയില്‍ വച്ച്‌ മുഖ്യമന്ത്രി തുറന്ന് പ്രസംഗിച്ചത് സ്വന്തം പാർട്ടിക്കാർ ഉള്‍പ്പെടെയുള്ളവർക്ക് കൂടിയുള്ള മറുപടിയാണ്.

ചങ്ങാത്തത്തിനുള്ള സാധ്യതയുടെ വാതില്‍ തുറന്നിട്ടു കരുതലോടെ മാത്രം മുസ്‌ലിം ലീഗിനെക്കുറിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രി ഇതേ വേദിയില്‍ ലീഗിനെ കടുത്ത ഭാഷയില്‍ വിമർശിക്കുകയും ചെയ്തു. ലീഗാകട്ടെ, മുഖപത്രമായ ചന്ദ്രികയിലെ ഇന്നലത്തെ മുഖപ്രസംഗത്തിലൂടെ മുഖ്യമന്ത്രിയെ തിരിച്ചും ശക്തമായി ആക്രമിച്ചു. ‘നരേന്ദ്ര മോദിയുടെ തന്ത്രങ്ങളുടെ പകർപ്പുമായാണു മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്.

മുസ്‌ലിം ലീഗിനെ ഒപ്പം നിർത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഒരു വിഭാഗത്തിന്റെയെങ്കിലും പിന്തുണ നേടാനായി സമുദായ പത്രത്തില്‍ പാർട്ടി അശ്ലീല പരസ്യം നല്‍കി കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടതെ’ന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്നു നോക്കുന്നതിനു മുൻപു മുഖ്യമന്ത്രി സ്വന്തം മുഖം നോക്കുന്നതു നല്ലതാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമും പറഞ്ഞു.

തോല്‍വി വിലയിരുത്താൻ ചേർന്ന സിപിഎം നേതൃയോഗങ്ങള്‍ക്കൊടുവിലെ പത്രസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് എതിർപക്ഷത്തെ മുസ്‌ലിം ലീഗിനും സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുമെതിരെ ആദ്യം ആരോപണങ്ങള്‍ കടുപ്പിച്ചത്. പിന്നാലെ മുഖ്യമന്ത്രിയും ഇതേ നിലപാടു പരസ്യമായി പ്രഖ്യാപിച്ചതോടെ ലീഗിനെ ആക്രമിക്കുക എന്നത് പാർട്ടിയുടെ പുതുനിലപാടിന്റെ ഭാഗമാണെന്നു വ്യക്തമാകുന്നു.

എസ്‌എൻഡിപി യോഗം നേതൃത്വത്തിനെതിരെയും ഇതുവരെ തുടർന്ന നിലപാടു വിട്ടുള്ള ആക്രമണമാണ് സിപിഎം നേതൃത്വം ഇപ്പോള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി നടേശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്രിസ്ത്യൻ വോട്ടുകളില്‍ ഒരു ഭാഗം ബിജെപിയിലേക്ക് പോയത് ഫണ്ടിങ്ങുമായി ബന്ധപ്പെട്ടും ഭീഷണി മൂലവുമാണെന്ന സിപിഎം നിലപാടിനെതിരെ ക്രിസ്തീയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *