ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദ് ചെയ്ത വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജി തള്ളി സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിധിയില്‍ അപാകതകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികള്‍ തള്ളിയത്.
ഹരജികള്‍ പരിഗണിച്ചത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ്. 2023 ഡിസംബര്‍ 11ന് ഭരണഘടനാ ബെഞ്ച് പുറത്തിറക്കിയ വിധിയില്‍ പിഴവില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ, അവാമി നാഷണല്‍ കോണ്‍ഫറൻസ്, അഭിഭാഷകൻ മുസാഫർ ഇഖ്ബാല്‍ ഖാൻ, ജമ്മു കശ്മീർ പീപ്പിള്‍സ് മൂവ്‌മെൻ്റ് എന്നിവരാണ് പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
ആർട്ടിക്കിള്‍ 370 റദ്ദ് ചെയ്തുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒട്ടേറെ വിവാദങ്ങളും വിമർശനങ്ങളും സൃഷ്ടിച്ചിരുന്നു. 2019 ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി രാഷ്‌ട്രപതിയുടെ ഉത്തരവിലൂടെ ഇല്ലാതാക്കിയത്. പ്രത്യേക അധികാരം റദ്ദാക്കിയത് അംഗീകരിച്ച പാർലമെന്റ്, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനുള്ള ബില്ലും പാസാക്കിയിരുന്നു.