പക്ഷിപ്പനി: നിരണത്തെ താറാവുകളെ കൊല്ലാന്‍ തീരുമാനം; ഒരു കി.മീ ചുറ്റളവ് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട നിരണം താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലെ താറാവുകളെ കൊല്ലാന്‍ തീരുമാനം.

നാളെ താറാവുകളെ കൊല്ലുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായി പ്രഖ്യാപിച്ചു. പത്ത് കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണ്‍ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ആലപ്പുഴ ജില്ലയില്‍ എച്ച്‌ 1 എന്‍ 1 പനി പടരുന്നു. 2024 ല്‍ ജില്ലയില്‍ 35 എച്ച്‌ 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷിപ്പനി ജില്ലയുടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ടു ചെയ്തതിന് പിന്നാലെയാണ് എച്ച്‌ 1എന്‍ 1 പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്കയ്ക്ക് കാരണമായി. മതിയായ ചികില്‍സ ലഭ്യമാണെന്നും ഭയപ്പെടാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ മാസത്തിലും ഈ മാസത്തിലുമാണ് ആലപ്പുഴയില്‍ എച്ച്‌ 1 എന്‍ 1 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഏപ്രിലില്‍ ഒമ്ബത് മുതല്‍ ഈ മാസം ഇതുവരെ ഒമ്ബത് കേസും റിപ്പോര്‍ട്ട് ചെയ്തു. നിര്‍ത്താതെ ഉള്ള തുമ്മല്‍, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഈ വര്‍ഷം ഇതുവരെ 35 ഓളം എച്ച്‌ 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

Leave a Reply

Your email address will not be published. Required fields are marked *