അമേഠിയിലും റായ്ബറേലിയിലും തീരുമാനം ഇന്ന്; ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുലിന് എതിര്‍പ്പ്?

അമേഠിയിലും റായ്ബറേലിയിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം വ്യാഴാഴ്ച ഉണ്ടായേക്കും.

വെള്ളിയാഴ്ചയാണ് രണ്ടിടങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം, രണ്ടുസീറ്റുകളിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് താത്പര്യമില്ലെന്നാണ് സൂചന. പത്രികാസമർപ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാഹുലിന് പുണെയില്‍ പ്രചാരണപരിപാടി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം. മത്സരിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷൻ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും രാഹുല്‍ താതപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

റായ്ബറേലിയില്‍ മത്സരിക്കാൻ തയ്യാറായിരുന്ന രാഹുല്‍ പെട്ടെന്നാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. ഗാന്ധി കുടുംബാംഗങ്ങളില്‍ ആരും രണ്ട് സീറ്റിലും മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ നിലവിലെ നിലപാട്. അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ അഖിലേഷ് യാദവിന്റെ അഭിപ്രായം തേടിയിരുന്നുവെന്നാണ് സമാജ്വാദി പാർട്ടി വൃത്തങ്ങള്‍ പറയുന്നത്. 2019-ല്‍ സ്മൃതി ഇറാനിക്കെതിരെ പരാജയപ്പെട്ടെങ്കിലും നിലവില്‍ രാഹുലിന് അനുകൂലമായ സാഹചര്യം മണ്ഡലത്തില്‍ ഉണ്ടെന്നാണ് രാഹുലിനെ അഖിലേഷ് ധരിപ്പിച്ചത്.

ഇരുവരും മത്സരിക്കുന്നില്ലെങ്കില്‍ രണ്ടുമണ്ഡലങ്ങളിലും അവസാനനിമിഷം മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തുന്നത് സംസ്ഥാന നേതൃത്വത്തിന് ഏറെക്കുറ അസാധ്യമായ കാര്യമായിരിക്കും. രാഹുലും പ്രിയങ്കയും മത്സരിക്കാനെത്തുന്നത് യു.പിയിലാകെ പാർട്ടിയുടെ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

ഇരുമണ്ഡലങ്ങളിലും സ്ഥാനാർഥികള്‍ വൈകുന്നതിനെതിരെ പ്രദേശിക കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ഉത്തർപ്രദേശില്‍ സമാജ്വാദി പാർട്ടിക്കൊപ്പം സഖ്യമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റ് 17 ഇടത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്മൃതി ഇറാനി തന്നെയാണ് അമേഠിയില്‍ ഇത്തവണയും ബി.ജെ.പി. സ്ഥാനാർഥി. റായ്ബറേലിയില്‍ ബി.ജെ.പി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പിലിഭിത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട വരുണ്‍ഗാന്ധിയെ മത്സരിപ്പിക്കാൻ നീക്കമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *