മോദിക്ക് മങ്ങിയ ജയം, ഭൂരിപക്ഷം കുത്തനെ കൂട്ടി അമിത് ഷാ

വാരാണസി ലോക്സഭ മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയം. 2019-ലെ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം.

2019-ലെ ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്.

വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറില്‍ വാരാണസിയില്‍ മോദി പിന്നിലായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർഥി അജയ് റായിയുടെ കുതിപ്പിനാണ് ആദ്യമണിക്കൂറില്‍ വാരാണസി സാക്ഷ്യംവഹിച്ചത്. ആദ്യഘട്ടത്തില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് നേടിയെങ്കിലും അത് നിലനിർത്താൻ അജയ് റായിക്കായില്ല. പിന്നാലെ നരേന്ദ്രമോദി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. ആകെ 6,12,970 വോട്ടുകളാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർഥി അജയ് റായിക്ക് 4,60,457 വോട്ടും.

2019-ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം. എന്നാല്‍, ഇത്തവണ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

അതേസമയം, ഗുജറാത്തിലെ ഗാന്ധിനഗറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മിന്നുംജയം തുടർന്നു. ഏഴുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമിത് ഷാ വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമിത് ഷായ്ക്ക് 10,10,972 വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ സൊനാല്‍ രമാഭായ് പട്ടേലിന് 2,66,256 വോട്ട് മാത്രമാണ് കിട്ടിയത്. ഭൂരിപക്ഷം 7,44,716 വോട്ട്. കഴിഞ്ഞ തവണ 557,014 വോട്ടായിരുന്നു അമിത് ഷായുടെ ഭൂരിപക്ഷം.

Leave a Reply

Your email address will not be published. Required fields are marked *