വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നമ്ബര്‍ അപേക്ഷകന്റെ വീട്ടിലെത്തും: മന്ത്രി പി രാജീവ്

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താല്‍ക്കാലിക കെട്ടിട നമ്ബര്‍ അനുവദിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു.

വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. 2020ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കല്‍ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.

കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തിയ നമ്ബര്‍ താല്‍ക്കാലിക കെട്ടിട നമ്ബറായി പരിഗണിക്കുമെന്ന ചട്ട ഭേദഗതി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തെ കൂടുതല്‍ ബലപ്പെടുത്തും.കെ സ്വിഫ്റ്റ് അക്‌നോളജ്‌മെന്റുള്ള സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ മറ്റൊരു അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കാമെന്ന് നേരത്തെ തന്നെ വ്യവസ്ഥയുണ്ട്. മൂന്ന് വര്‍ഷം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ ആവശ്യമുള്ള അനുമതികള്‍ നേടിയാല്‍ മതി. എന്നാല്‍ വായ്പ നേടുന്നതിനുള്‍പ്പെടെ കെട്ടിടനമ്ബര്‍ ആവശ്യമായതിനാല്‍ കെ സ്വഫ്റ്റ് മുഖേന താല്‍ക്കാലിക കെട്ടിട നമ്ബര്‍ അനുവദിക്കാനാണ് ചട്ട ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാലഹരണപ്പെട്ട വ്യവസായ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഡോ കെ സി സണ്ണി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ചട്ട ഭേദഗതി. തദ്ദേശ സ്വയം ഭരണവകുപ്പും വ്യവസായവകുപ്പും സണ്ണി കമ്മീഷൻ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് വിജ്ഞാപനം. കൈപ്പറ്റ് സാക്ഷ്യപത്രത്തിലെ നമ്ബറായിരിക്കും അതിന്റെ കാലാവധി വരെ താല്‍ക്കാലിക കെട്ടിടനമ്ബര്‍. മൂന്നുവര്‍ഷത്തിനുള്ളില്‍ സ്ഥിരനമ്ബര്‍ നേടിയാല്‍ മതിയാകുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *