എനിക്ക് സ്വന്തമായി ഒരു വീടില്ല, പാവപ്പെട്ട ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നാല് കോടി വീടുണ്ടാക്കി നല്‍കി -മോദി

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ നാല് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അതേസമയം, തനിക്ക് സ്വന്തമായൊരു വീട് പോലും ഇല്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ സത്നയില്‍ നിയമസഭ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

നിങ്ങളുടെ ഓരോ വോട്ടും മധ്യപ്രദേശില്‍ വീണ്ടും ബി.ജെ.പി സര്‍ക്കാറിനെ അധികാരത്തിലെത്തിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ ഓരോ വോട്ടും ഡല്‍ഹിയിലിരിക്കുന്ന മോദിക്ക് ശക്തിപകരും. നിങ്ങളുടെ ഓരോ വോട്ടും അഴിമതി നിറഞ്ഞ കോണ്‍ഗ്രസിനെ അധികാരത്തിന് നൂറ് മൈല്‍ അകലെ നിര്‍ത്തും. ഓരോ വോട്ടിനും മൂന്ന് മെച്ചമാണുള്ളത്. അതാണ് ത്രിശക്തി -മോദി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ കാലത്ത് അനധികൃതമായി സര്‍ക്കാറിന്‍റെ സഹായം വാങ്ങിയിരുന്ന 10 കോടി പേരെയാണ് തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. 2.75 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഇതുവഴി മിച്ചംവെച്ചത്. ഈ നീക്കം കോണ്‍ഗ്രസിനെ സാരമായി ബാധിച്ചതുകൊണ്ടാണ് അവര്‍ എനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത്.

സമീപകാലത്ത് ഞാൻ എവിടെ പോയാലും ആളുകള്‍ ചോദിക്കുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തെ കുറിച്ചാണ്. രാജ്യത്താകെ ആഹ്ലാദത്തിന്‍റെ അലയടിയാണ് കാണുന്നത് -മോദി പറഞ്ഞു.

നവംബര്‍ 17നാണ് മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ്. 230 സീറ്റുകളില്‍ ജനവിധി തേടും. മറ്റ് നാല് സംസ്ഥാനങ്ങളോടൊപ്പം ഡിസംബര്‍ മൂന്നിനാണ് മധ്യപ്രദേശിലെയും ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *