ഓരോ വര്‍ഷം ഓരോ പ്രധാനമന്ത്രി, ‘ഇന്‍ഡ്യ’ സഖ്യം പ്രധാനമന്ത്രിപദം ലേലം ചെയ്യുന്ന തിരക്കിലെന്ന് മോദി

ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി, അങ്ങനെ അഞ്ച് വര്‍ഷം അഞ്ച് പ്രധാനമന്ത്രി എന്ന സൂത്രവാക്യമാണ് ‘ഇന്‍ഡ്യ’ മുന്നണി ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇത് ലോകത്തിന് മുന്നില്‍ എത്രമാത്രം പരിഹാസ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിപക്ഷ സംഘങ്ങളുടെ നേതൃത്വ പ്രശ്‌നം പരിഹരിക്കാനാണ് ഇത്തരമൊരു നീക്കം. ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഇത്തരം ക്രമീകരണത്തെ ലോകം പരിഹസിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ഹര്‍ദയില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിനെ കോണ്‍ഗ്രസ് വെറുക്കുന്നതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് ബിജെപി അധികാരത്തിലെത്തിയാല്‍ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തും. ‘ഇന്‍ഡ്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഭരണം ആര്‍ക്കാണ് നല്‍കാന്‍ ഉദ്ദേശമെന്ന് ജനങ്ങള്‍ അറിയണം. ഓരോ വര്‍ഷം ഓരോ പ്രധാനമന്ത്രി എന്ന സൂത്രവാക്യത്തില്‍ പ്രധാനമന്ത്രി സ്ഥാനം ലേലം ചെയ്യുന്ന തിരക്കിലാണ് പ്രതിപക്ഷ സഖ്യം. ദിവാസ്വപ്നം കാണുന്ന ഈ നേതാക്കള്‍ക്കെതിരെ ജാഗ്രത പാലിക്കണം. വോട്ട് ബാങ്ക് പ്രീണിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. അനന്തരവകാശി നികുതിയെ കുറിച്ചാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സംസാരം.
ആര്‍ക്കെങ്കിലും ഒന്നിലധികം കാറോ വീടോ മോട്ടോര്‍ സൈക്കിളോ ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അതുകണ്ടുകെട്ടുമെന്നും മോദി അഭിപ്രായപ്പെട്ടു. ജോലിയിലും വിദ്യാഭ്യാസ മേഖലയിലും മതാടിസ്ഥാനത്തിലുള്ള സംവരണമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ പറയുന്നത്. മുസ്‌ലീങ്ങള്‍ക്ക് ജോലി സംവരണം ഉറപ്പാക്കുമെന്നാണ് തെലങ്കാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. കര്‍ണാടകയില്‍ മുസ്‌ലീം സംവരണം ഉറപ്പിക്കാന്‍ ആ വിഭാഗത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ ഈ നീക്കം രാജ്യത്തെ മുഴുവന്‍ ഒബിസി വിഭാഗങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. പട്ടിക ജാതി വിഭാഗത്തിന്റെ സംവരണം തട്ടിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം തട്ടിയെടുത്ത് പ്രത്യേക വോട്ട് ബാങ്കിന് നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മതേതരത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുകയാണെന്നും ഇത് സാമൂഹ്യ നീതിയെ കൊല്ലുന്ന നടപടിയാണെന്നും മോദി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *