ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിക്കാൻ യു.ഡി.എഫില്‍ ആലോചന.
ഇതുസംബന്ധിച്ച രാഷ്ട്രീയനിലപാട് കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സംയുക്തമായി വ്യാഴാഴ്ച പ്രഖ്യാപിക്കും.
എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നല്‍കാൻ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോണ്‍ഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
പൊതുവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന അനുകൂല രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്ന ഒരുസാഹചര്യവും ഉണ്ടാവരുതെന്ന് യു.ഡി.എഫ്. നേതൃത്വം വിലയിരുത്തി.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പത്രികാസമർപ്പണത്തിലും റാലിയിലും പങ്കെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനർ എം.എം. ഹസൻ, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ് തുടങ്ങിയ യു.ഡി.എഫ്. നേതാക്കള്‍ എത്തിയിരുന്നു. ഇവർ എ.ഐ.സി.സി.യുടെ സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിയാലോചന നടത്തിയശേഷമാണ് ഈ തീരുമാനത്തിലെത്തിയത്.
വ്യക്തികള്‍ എന്നനിലയില്‍ ആര് വോട്ടുചെയ്താലും പ്രശ്നമില്ല, എന്നാല്‍, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുടെ പിന്തുണവേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാനാണ് ആലോചന.