കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.
രാത്രി പതിനൊന്നര വരെ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഗവേഷണ കേന്ദ്രം അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അപകടമേഖഖഹലകളില്‍ നിന്ന് അധികൃതരുടെ ഹനിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിര്‍ദേശം.
കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ കയറുന്ന പ്രതിഭാസം ‘കള്ളക്കടല്‍’ ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 23ന് ഇന്ത്യന്‍ തീരത്ത് നിന്ന് 10,000 കിലോമീറ്റര്‍ അകലെ ന്യുനമര്‍ദ്ദം രൂപപ്പെടുകയും രണ്ട് ദിവസം കഴിഞ്ഞ് ഈ ന്യൂനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 11 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടുകയും ആ തിരമാലകള്‍ പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് എത്തുകയും ചെയ്തു.
പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഇത്തരം തിരകള്‍ രൂപപ്പെടുകയാണ് പതിവ്. അതുകൊണ്ടാണ് ഇവയെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്.