തിരഞ്ഞെടുപ്പു ബോണ്ടിന്റെ പുതിയ കണക്കുകള്‍ തിരഞ്ഞെടുപ്പുകമ്മിഷൻ ഞായറാഴ്ച പുറത്തുവിട്ടു. രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ആരാണ് തുക നല്‍കിയതെന്ന വിവരം ഇൗ കണക്കുകളിലും പൂർണമായില്ല.
ബോണ്ട് അവതരിപ്പിച്ച 2018 മുതല്‍ രാഷ്ട്രീയപ്പാർട്ടികള്‍ക്ക് ലഭിച്ച തുകയുടെയും ദാതാക്കളുടെയും വിവരങ്ങള്‍ കമ്മിഷൻ പ്രസിദ്ധീകരിച്ചതില്‍നിന്ന് വ്യക്തമാവുന്നത് ഏതാനും പാർട്ടികള്‍മാത്രമാണ് ഈ വിവരം നല്‍കിയതെന്നാണ്. ബി.ജെ.പി.യും തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും അടക്കമുള്ള ആദ്യ മൂന്നുസ്ഥാനക്കാർ ദാതാക്കളുടെ വിവരങ്ങള്‍ കമ്മിഷന് നല്‍കിയില്ല. 2018 മുതല്‍ 2023 സെപ്റ്റംബർ 30 വരെ ബി.ജെ.പി.ക്ക് ലഭിച്ചത് 6987.4 കോടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് 1396.94 കോടിയും കോണ്‍ഗ്രസിന് 1334.37 കോടിയുമാണ് ലഭിച്ചത്. 1322 കോടിയുമായി ബി.ആർ.എസ്. ആണ് നാലാംസ്ഥാനത്ത്.
ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., എൻ.സി.പി., എ.എ.പി., ജെ.ഡി.യു., ജെ.ഡി.എസ്., നാഷണല്‍ കോണ്‍ഫറൻസ്, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (ഗോവ), എസ്.ഡി.എഫ്. തുടങ്ങിയ പാർട്ടികളാണ് പൂർണവിവരങ്ങള്‍ നല്‍കിയത്. നിയമപ്രകാരം ദാതാക്കളുടെ വിവരം നല്‍കേണ്ട കാര്യമില്ലെന്ന് ബി.ജെ.പി. കമ്മിഷനെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ദാതാക്കളെക്കുറിച്ച് ഒന്നുംപറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കൻ ഈ വിവരം എസ്.ബി.ഐ.യില്‍നിന്ന് ലഭിക്കുമെന്ന് അറിയിച്ചു.
ഏറ്റവുംകൂടുതല്‍ ബോണ്ട് വാങ്ങിയ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടല്‍ സർവീസസ് (1368 കോടി) ഇതില്‍ 37 ശതമാനവും നല്‍കിയത് തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെ.ക്കാണ്. ഡി.എം.കെ.ക്ക് ആകെ ലഭിച്ച 656.5 കോടിയില്‍ 509 കോടിയും മാർട്ടിന്റേതാണ്. ദാതാക്കളില്‍ രണ്ടാംസ്ഥാനത്തുള്ള മേഘ എൻജിനിയറിങ് ലിമിറ്റഡും (896 കോടി) ഡി.എം.കെ.ക്ക് 105 കോടി നല്‍കി. സണ്‍ ടി.വി. -100 കോടി, ഇന്ത്യ സിമന്റ്സ് -14 കോടി എന്നിവരും ഡി.എം.കെ.ക്ക് സംഭാവന നല്‍കി.