റഷ്യയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഞ്ചാം വട്ടവും വിജയം നേടി വ്‌ളാഡിമിർ പുടിൻ. 87.8 ശതമാനം വോട്ടുകള്‍ നേടിയാണ് 71കാരനായ പുടിൻ വീണ്ടും അധികാരമുറപ്പിച്ചത്.
ഇതോടെ വരുന്ന ആറ് വർഷം കൂടി റഷ്യയില്‍ പുടിൻ തന്റെ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. 2030 വരെയാണ് പുതിയ നേതാവിന്റെ കാലാവധി. ഇതോടെ റഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന നേതാവെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡിനെ മറികടക്കാനൊരുങ്ങുകയാണ് പുടിൻ.
74.22 ശതമാനം പോളിംഗ് ആയിരുന്നു ഇക്കുറി രേഖപ്പെടുത്തിയത്. 2018ലെ 67.5 ശതമാനം പോളിംഗ് എന്ന നിലയെ ആണ് ഇക്കുറി മറികടക്കാനായത്. ഇത് പുടിനുള്ള പിന്തുണയെ പ്രതിഫലിപ്പിക്കുവെന്നാണ് പുടിൻ അനുകൂലികളുടെ വാദം. അതേസമയം റഷ്യയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും യുക്രെയ്ൻ, റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്കെതിരെയും, ചില പ്രദേശങ്ങളിലും ആക്രമണം നടത്തിയെന്ന് പുടിൻ ചൂണ്ടിക്കാട്ടി. റഷ്യൻ അതിർത്തികളില്‍ യുക്രെയ്ൻ സേന നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ പുടിൻ രാഷ്‌ട്രീയ എതിരാളികളെ തടങ്കലിലാക്കിയിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് സ്വതന്ത്രമായല്ല നടന്നതെന്ന ആരോപണവുമായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് രംഗത്തെത്തി. കഴിഞ്ഞ മാസം ആർട്ടിക് ജയിലിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പുടിന്റെ എതിരാളി അലക്‌സി നവല്‍നിയെ പിന്തുണയ്‌ക്കുന്നവർ ഈ ഫലപ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുടിൻ സ്വേച്ഛാധിപതിയാണെന്നും, ഫലം അംഗീകരിക്കാനാകില്ലെന്നുമാണ് ഇവർ പറയുന്നത്. പോളിംഗ് ബൂത്തുകളിലേക്ക് പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ 74 പേരെ അറസ്റ്റ് ചെയ്തതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.