പഞ്ഞ മാസത്തെ പുറത്താക്കി പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടി വന്നു. ഇനി കൊല്ലവർഷം 1200-ാം ആണ്ടാണ്.
ചിങ്ങം ഒന്ന് എന്ന് കേള്‍ക്കുമ്ബോഴേ കർഷക ദിനം എന്ന് തന്നെയാകും ഓരോ മലയാളിയുടെയും മനസിലേക്ക് ആദ്യമെത്തുക. പുതുവർഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്ബല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്.
ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബർ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം. ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജകള്‍ നടക്കും. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേല്‍ക്കുകയാണ് കർഷകർ.
കൂടാതെ മറ്റൊരു സവിശേഷതയും ഈ പുതുവർഷത്തിനുണ്ട്. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭം. പുതിയ നൂറ്റാണ്ട് പിറന്നു എന്ന് പലരും ആശംസിക്കുന്നുണ്ട്. എന്നാല്‍ ഇത് ശരിയല്ല. 100 കൊല്ലം പൂർത്തിയാകുമ്ബോഴാണല്ലോ ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നത്. പൊതുവില്‍ നാം ആചരിച്ചു വരുന്ന വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാം തീയതിയാണ്. അതായത് ഇത് കൊല്ലവർഷം പ്രകാരമുള്ള പുതുവർഷമാണ്. ഇന്ന് 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് പ്രവേശിച്ചു. അതായത് കൊല്ലവർഷം 12 ആം നൂറ്റാണ്ടിലെ അവസാന വർഷത്തിന്റെ ആദ്യ ദിവസം. 2024 ഓഗസ്റ്റ് 17 മുതല്‍ 2025 ഓഗസ്റ്റ് 16 വരെയാണിത്.