രാജ്യത്തെ പൗരന്മാർക്ക് നന്ദി രേഖപ്പെടുത്തികൊണ്ട് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 10 വർഷം മോദി സർക്കാർ സ്വീകരിച്ച ചരിത്രപരമായ തീരുമാനങ്ങളും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അദ്ദേഹം വിവരിച്ചു.
ബിജെപി സർക്കാരിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹത്തിന് കത്തിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് എല്ലാ പൗരന്മാരെയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തില്‍, ആർട്ടിക്കിള്‍ 370 റദ്ദാക്കിയതും ജിഎസ്ടി നടപ്പാക്കിയതും ഉള്‍പ്പടെ NDA സർക്കാർ എടുത്ത ചരിത്രപരമായ ചില തീരുമാനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചു. ‘എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നേട്ടങ്ങള്‍ വിവരിച്ചത്.
10 വർഷകാലത്തെ ഭരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ചു. രാജ്യത്തെ 140 കോടി ജനങ്ങളുടെ വിശ്വാസത്തെയും പിന്തുണയെയും താൻ അംഗീകരിക്കുന്നെന്നും പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു. കർഷകർ, ദരിദ്രർ, സ്ത്രീകള്‍ തുടങ്ങി എല്ലാ വിഭാഗക്കാരുടെയും ജീവിതനിലവാരം ഉയർത്താൻ കേന്ദ്രസർക്കാരിന് സാധിച്ചു. കഴിഞ്ഞ 10 വർഷമായി ഇവരുടെ ജീവിതത്തില്‍ ഉണ്ടായ പരിവർത്തനമാണ് കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിഎം ആവാസ് യോജന, എല്ലാവർക്കും വൈദ്യുതി, വെള്ളം, എല്‍പിജി ലഭ്യത, ആയുഷ്മാൻ ഭാരത് വഴി സൗജന്യ ചികിത്സ, കർഷകർക്ക് സാമ്ബത്തിക സഹായം, മാതൃ വന്ദന യോജന വഴി സ്ത്രീകള്‍ക്ക് സഹായം തുടങ്ങി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. നിങ്ങള്‍ എന്നില്‍ വിശ്വാസം അർപ്പിക്കുന്നതിനാലാണ് ഇതൊക്കെയും സാധ്യമാകുന്നതെന്നും കത്തില്‍ പ്രധാനമന്ത്രി പറയുന്നുണ്ട്.
രാജ്യത്തിന്റെ വികസനത്തിനും നമ്മുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കാനും കേന്ദ്ര സർക്കാരിന് സാധിക്കുന്നുണ്ട്. ജിഎസ്ടി നടപ്പാക്കല്‍, ആർട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് സംബന്ധിച്ച പുതിയ നിയമം, പാർലമെൻ്റില്‍ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് നാരിശക്തി വന്ദൻ നിയമം തുടങ്ങി ചരിത്രപരമായ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിലും കേന്ദ്ര സർക്കാർ വിജയിച്ചു. ചരിത്രപരമായ ഇത്തരം തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നത് ജനങ്ങളുടെ വിശ്വാസവും പിന്തുണയും ഉള്ളതിനാലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.