എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നു, ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു’; പത്മജ വേണുഗോപാല്‍

തനിക്ക് എല്‍ഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച്‌ ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. എല്‍ഡിഎഫിലേക്കുള്ള ക്ഷണവുമായി ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു നന്ദകുമാര്‍ സമീപിച്ചത്. വിളിച്ചപ്പോഴേ ഒഴിവാക്കി. അതിനാല്‍ തുടര്‍ ചര്‍ച്ച ഉണ്ടായില്ലെന്നും പത്മജ പറഞ്ഞു.
ബിജെപിയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പത്മജ പ്രതികരിച്ചു. സുരേഷ് ഗോപിയുമായി നല്ല ബന്ധമാണുള്ളത്. പ്രചാരണത്തിന് ക്ഷണിച്ചാല്‍ തൃശൂരിലെത്തുമെന്നും അവര്‍ പ്രതികരിച്ചു. മാര്‍ച്ച്‌ ഏഴിനാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച്‌ പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയത്.

പത്മജയെ എല്‍ഡിഎഫിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചര്‍ച്ചയെന്നു താന്‍ നേരിട്ടാണ് പത്മജയെ വിളിച്ച്‌ സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തിക അവര്‍ ആവശ്യപ്പെട്ടു. സൂപ്പര്‍ പദവികള്‍ ആവശ്യപ്പെട്ടതിനാലാണ് ചര്‍ച്ച മുന്നോട്ട് പോകാതിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു ചര്‍ച്ച നടന്നത്. ഉപതിരഞ്ഞെടുപ്പ് സമയത്ത് തൃക്കാക്കരയില്‍ പ്രചാരണത്തിനായി എത്താതിരുന്നത് സംബന്ധിച്ച്‌ പത്മജയോട് ചോദിച്ചു. അവര്‍ നിരാശയിലാണെന്നായിരുന്നു മറുപടി. ഈ വിവരം ഇ പി ജയരാജനോട് സംസാരിച്ചപ്പോള്‍ എല്‍ഡിഎഫിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് നന്ദകുമാര്‍ പറഞ്ഞത്.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടത് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തസ്തികയാണ്. അവര്‍ ‘സൂപ്പര്‍ പദവികള്‍’ ആവശ്യപ്പെട്ടു. ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇതിന് പിന്നാലെ വീണ്ടും പത്മജയുമായി സംസാരിച്ചു. അവര്‍ താല്‍പര്യത്തോടെയാണ് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയത്. ‘സൂപ്പര്‍ പദവി’ ആവശ്യത്തില്‍ പത്മജ ഉറച്ചു നിന്നതോടെ ആ ചര്‍ച്ച മുന്നോട്ട് പോയില്ലെന്നും നന്ദകുമാര്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *