‘യുദ്ധങ്ങള്‍ അവസാനിപ്പിക്കും, വരാൻ പോകുന്നത് രാജ്യത്തിന്റെ സുവര്‍ണകാലം’;‌ ട്രംപ്

യുദ്ധങ്ങള്‍ അവസാനിപ്പിച്ച്‌ അമേരിക്കയെ ഏറ്റവും മഹത്തരമായ രാജ്യമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കല്‍ പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പ്രചാരണവേദിയിലാണ് അദ്ദേഹം സംസാരിച്ചത്.

അമേരിക്കയുടെ 47-ാംപ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ അദ്ദേഹം നന്ദി അറിയിച്ചു. മുറിവേറ്റ രാജ്യത്തെ സുഖപ്പെടുത്താൻ പോവുകയാണ്. അമേരിക്കയുടെ സുവർണ കാലം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കഠിനാധ്വാനികളായ ജനങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി. അവരുടെ വിജയമാണിത്. ഈ വിജയം അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ പോവുകയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലൂടെയാണ് കടന്നുപോയതെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമാകും. അഭൂതപൂർവവും ശക്തവുമായ ജനവിധിയാണ് അമേരിക്ക നല്‍കിയതെന്ന് സെനറ്റിലെ വിജയത്തെ ചൂണ്ടിക്കാട്ടി ട്രംപ് പറഞ്ഞു.

ഭാര്യ മെലാനിയ ട്രംപിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. പിന്നാലെ അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആകാനൊരുങ്ങുന്ന ജെഡി വാൻസിനെയും അദ്ദേഹം അഭിനന്ദിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ തിരിച്ചുവരവാണ് ട്രംപ് നടത്തിയതെന്ന് പ്രസംഗത്തിനിടെ വാൻസ് പറഞ്ഞു.

‘വീ വാണ്ട് ട്രംപ് ‘ എന്ന ആരവത്തോടെയാണ് ട്രംപിനെ ജനങ്ങള്‍ വരവേറ്റത്. ആരവങ്ങള്‍ക്കിടയില്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രധാന പങ്ക് വഹിച്ച ഇലോണ്‍ മസ്‌കിനെ കുറിച്ചും ട്രംപ് പരാമർശിച്ചു. റിപബ്ലിക്കൻ പാർട്ടിയുടെ പുതിയ താരം എന്നാണ് മസ്‌കിനെ ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെഡി വാൻസ്, പ്രചാരണ പ്രവർത്തകർ ഉള്‍പ്പെടെ വേദിയില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *