വിദ്യാര്‍ഥികളില്‍ വായന പ്രോത്സാഹിപ്പിക്കാൻ വായനോത്സവം സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

സ്‌കൂള്‍ കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ പൊതു വിദ്യാഭ്യാസ വകുപ്പ്.

വിദ്യാർഥികളില്‍ പത്രവായന ഉള്‍പ്പെടെ ശക്തിപ്പെടുത്തന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ വായനോത്സവം സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കും. വിദ്യാർഥികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചർച്ച ചെയ്തത്.

എല്ലാ ദിവസവും കുട്ടികള്‍ പത്രം വായിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കല്‍, ഇതിനായി പ്രത്യേകം പീരിയഡ് അനുവദിക്കല്‍, പത്രങ്ങളിലെ പ്രധാന വാർത്തകള്‍ കേന്ദ്രീകരിച്ചുള്ള ചർച്ചകള്‍, കുറിപ്പുകള്‍ തയ്യാറാക്കല്‍, വായന പ്രോത്സാഹിപ്പിക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഇടപെടലുകള്‍ ഉറപ്പാക്കല്‍, വായനാപ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രേസ് മാർക്ക് ഏർപ്പെടുത്തുക തുടങ്ങി വിവിധ നിർദേശങ്ങള്‍ യോഗത്തിലുയർന്നു.

ഗ്രേസ് മാർക്ക് ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ഉറപ്പുവരുത്തുന്നതിനായി അവർക്കായി വകുപ്പ് പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളില്‍ ഇതിനുവേണ്ട നിർദേശങ്ങള്‍കൂടി ചേർക്കുമെന്നും മന്ത്രി അറിയിച്ചു. യോഗം സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കകം കരട് തയ്യാറാക്കാൻ എസ്.സി.ഇ.ആർ.ടി ഡയറക്ടർക്ക് മന്ത്രി നിർദേശം നല്‍കി.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, മാത്യൂസ് വർഗീസ്, സണ്ണി ജോസഫ് (മലയാള മനോരമ), ദീപു രവി, എ.സി. റെജി (കേരള കൗമുദി), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), പി.കെ. മണികണ്ഠൻ (മാതൃഭൂമി), എല്‍.കെ. റോഷ്നി (ദ ഹിന്ദു), ജയ്‌സണ്‍ ജോസഫ് (ജനയുഗം), ഇ. ബഷീർ ( മാധ്യമം) തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *