ബില്‍ പെയ്മെന്റ് ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച്‌ ആര്‍ബിഐ

ബില്‍ പെയ്മെന്റ് ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച്‌ ആർബിഐ. നിലവിലുള്ള പെയ്മെന്റ് സംവിധാനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് “റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ഭാരത് ബില്‍ പെയ്മെന്റ് സിസ്റ്റം) ഡയറക്ഷൻസ് 2024 എന്ന പേരില്‍ പുതിയ നിർദ്ദേശങ്ങള്‍ നടപ്പാക്കുന്നത്.

ഏപ്രില്‍ ഒന്നു മുതലാണ് പരിഷ്‌ക്കരിച്ച നിയമങ്ങള്‍ നിലവില്‍ വരിക. പുതുക്കിയ ബില്‍ പെയ്മെന്റ് നിയമങ്ങള്‍ വഴി ഉപഭോക്താക്കളുടെ പങ്കാളിത്തം വർധിക്കുകയും ഇടപാടുകളില്‍ ഉപഭോക്തൃ സുരക്ഷ ഉറപ്പ് വരുത്താൻ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത് .

അതേസമയം ഈ നിയമങ്ങള്‍/നിർദേശങ്ങള്‍ എൻപിസിഐ ഭാരത് ബില്‍പേ ലിമിറ്റഡിനും മറ്റ് നോണ്‍-ബാങ്ക് പെയ്മെന്റ് സംവിധാനങ്ങള്‍ക്കും ബാധകമായിരിക്കും. യുപിഐ , ഇന്റർനെറ്റ് ബാങ്കിംഗ് , കാർഡുകള്‍ , പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങള്‍ എന്നിവ വഴി പണം അടയ്ക്കാനോ സ്വീകരിക്കാനോ അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമായ ഭാരത് ബില്‍ പെയ്മെന്റ് സിസ്റ്റം (ബിബിപിഎസ്) മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയോ ബാങ്ക് ബ്രാഞ്ചുകള്‍ വഴിയോ ഇടപാട് നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നു.

ബില്‍ ഓപ്പറേറ്റിങ് യൂണിറ്റിനായിരിക്കും പുതിയ നിയമങ്ങള്‍ അനുസരിച്ച്‌ വ്യാപാരികളുടെ ഓണ്‍ബോർഡിങ്ങുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല. ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ എളുപ്പമാക്കാനും ബിബിപിഎസിലെ എല്ലാ ബില്ലർമാരുമായും ഇടപാടുകള്‍ നടത്താൻ ഉപഭോക്താക്കള്‍ക്ക് കഴിയുന്നുവെന്നും ഉറപ്പ് വരുത്താനുമുള്ള ചുമതല കസ്റ്റമർ ഓപ്പറേറ്റിങ് യൂണിറ്റിനുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *