ഏഴിന് തുടങ്ങുന്ന കേരള സർവകലാശാലാ യുവജനോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് പാടില്ലെന്ന് വൈസ്‌ചാൻസലർ ഡോ മോഹനൻ കുന്നുമ്മേല്‍ ഉത്തരവിറക്കി.
ഇസ്രയേലിനെതിരെ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാർത്ഥികള്‍ വി സിക്ക് പരാതി നല്‍കിയിരുന്നു.
ചെറുത്തുനില്‍പ്പ്, രക്തരൂഷിത വിപ്ലവം എന്നൊക്കെയാണ് അർത്ഥം. ഭീകര സംഘടനകള്‍ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.പേരുമാറ്റണമെന്ന ഹർജിയില്‍ ഹൈക്കോടതി വാഴ്സിറ്റിയുടെ വിശദീകരണം തേടിയിരുന്നു.
അധിനിവേശങ്ങള്‍ക്കെതിരെ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായാണ് ‘ഇൻതിഫാദ’ എന്ന പേരില്‍ കലോത്സവം സംഘടിപ്പിക്കൊനൊരുങ്ങിയത്. കേരള സർവകലാശാലാ യുവജനോത്സവം എന്നായിരിക്കണം പേരെന്ന് വി സി നിർദേശം നല്‍കി. ബാനറുകള്‍, പോസ്റ്ററുകള്‍, സമൂഹമാദ്ധ്യമങ്ങള്‍ എന്നിവയില്‍ നിന്ന് പേരു നീക്കാൻ രജിസ്ട്രാർ, സ്റ്റുഡൻസ് സർവീസ് ഡയറക്ടർ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നിവരോട് ആവശ്യപ്പെട്ടു.
സർവകലാശാലയുടെ ഔദ്യോഗിക പരിപാടികളില്‍ വിദ്യാർത്ഥികളുടെയോ അദ്ധ്യാപകരുടെയോ പൊതുജനങ്ങളുടെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടികള്‍ കർശനമായും ഒഴിവാക്കണമെന്നും ഈ പദം രാജ്യത്തിന്റെ വിദേശ നയത്തിന് എതിരാണെന്നും, ഇതിൻറെ പേരില്‍ നിയമപരമായ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നത് സർവകലാശാലയുടെ സത്പേരിന് കളങ്കമുണ്ടാക്കുമെന്നും വി.സിയുടെ ഉത്തരവിലുണ്ട്.
വി സിയുടെ നിർദ്ദേശാനുസരണം രജിസ്ട്രാർ സ്റ്റുഡൻസ് സർവീസ് ഡയറക്ടർ ഡോ.സിദ്ധിഖിനോട് റിപ്പോർട്ട് തേടിയപ്പോള്‍ ‘ഉയർന്നു വരുന്ന പ്രതിരോധം’ എന്ന് മാത്രമാണ് വാക്കിന്റെ അർത്ഥമെന്നും സർഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയൻ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് മറുപടി ലഭിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ എസ്.എഫ്.ഐയുടെ പൂർണ നിയന്ത്രണത്തിലാണ്. യുവജനോത്സവത്തിന്റെ നടത്തിപ്പ് യൂണിയനാണെങ്കിലും ചെലവിനായി ലക്ഷങ്ങള്‍ നല്‍കുന്നത് സർവകലാശാലയാണ്.