മന്ത്രിസ്ഥാനമൊഴിയാൻ എ.കെ. ശശീന്ദ്രൻ സമ്മതിച്ചു. ഇതോടെ എൻ.സി.പിക്കുള്ളിലെ മന്ത്രിസ്ഥാന തർക്കത്തിന് പരിഹാരമായി.
എൻ.സി.പി നേതാവ് ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രിസ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് ശശീന്ദ്രൻ ധാരണയിലെത്തിയത്.
ശശീന്ദ്രൻ ഒഴിയുന്നതോടെ എൻ.സി.പി മുതിർന്ന നേതാവ് തോമസ്.കെ. തോമസ് മന്ത്രിയാകും. ശരദ് പവാർ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്നണി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാടും നിർണായകമാകും. അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് കരുതുന്നത്.
മന്ത്രിസ്ഥാനമൊഴിയുന്ന എ.കെ. ശശീന്ദ്രന് എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം നല്‍കാനാണ് പാർട്ടിയുടെ തീരുമാനം. 2011 മുതല്‍ എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രൻ രണ്ടാം പിണറായി സർക്കാറില്‍ വനം വന്യജീവി സംരക്ഷണ മന്ത്രിയായിരുന്നു.