ഗോവ-മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടും, നടപടി തുടങ്ങിയെന്ന്‌ റെയില്‍വേ മന്ത്രി

കേരളത്തില്‍നിന്ന് ഗോവയിലേക്ക് അതിവേഗ ട്രെയിനെന്ന വിനോദ സഞ്ചാരികളുടെ സ്വപ്നം ഉടൻ യാഥാർത്ഥ്യമായേക്കും.

ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടുമെന്ന കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പാണ് വിനോദസഞ്ചാരികള്‍ക്ക് സന്തോഷം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി എം.കെ.രാഘവൻ എംപി പറഞ്ഞു.

ബാംഗ്ലൂർ-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയത് ഉടൻ പ്രാബല്യത്തിലാക്കുമെന്നും സർവീസ് ഉടനെ ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് മംഗളൂരു വഴി കണ്ണൂരേക്ക് സർവീസ് നടത്തുന്ന ട്രെയിനാണ് കോഴിക്കോട്ടേക്ക് നീട്ടിയത്. മംഗളൂരു-മധുര-രാമേശ്വരം എക്സ്പ്രസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി എംപി രാഘവനെ അറിയിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്ക് നിലവില്‍ സർവ്വീസ് നടത്തുന്ന ട്രെയിൻ കോഴിക്കോടേക്ക് നീട്ടിയ റെയില്‍വേ ബോർഡ് തീരുമാനത്തെ എതിർത്ത് മംഗലാപുരം എം.പിയും ബി.ജെപി കർണാടക സംസ്ഥാന മുൻ അധ്യക്ഷനുമായ നളിൻ കുമാർ കട്ടീല്‍ റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു. ഇതിനുപിന്നാലെയാണ് എം.കെ.രാഘവൻ എംപി മന്ത്രിയെ നേരില്‍ കണ്ടത്.

കോഴിക്കോടിനെ കോയമ്ബത്തൂർ, എറണാകുളം സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച്‌ പുതിയ മെമു സർവ്വീസുകള്‍ ആരംഭിക്കുക, ട്രാക്ക് അറ്റകുറ്റപണികളുടെ പേരില്‍ നിർത്തലാക്കിയ സർവ്വീസുകള്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ ഉടൻ പുനഃ:സ്ഥാപിക്കുക, 16610 മംഗലാപുരം കോഴിക്കോട് എക്സ്പ്രസ് മെമു റേക്കുകളായി മാറ്റി പാലക്കാട് വരെ നീട്ടി സർവ്വീസ് പുനഃക്രമീകരിക്കുക, മംഗലാപുരത്തു നിന്നും പാലക്കാട് വഴി പുതിയ ബാംഗ്ളൂർ സർവ്വീസ് ആരംഭിക്കുക, പാർലമെന്റ് മണ്ഡലത്തിന് കീഴിലെ ആവശ്യങ്ങളുയർന്നതും, തിരക്കേറിയതുമായ കടലുണ്ടി,മണ്ണൂർ, പി.ടി. ഉഷ റോഡ്, ബട്ട് റോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റെയില്‍വേ സ്വമേധയാ ഫ്ളൈ ഓവറുകളും, കുണ്ടായിത്തോട്, ചക്കോരത്തുകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അണ്ടർ പാസുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും രാഘവൻ എംപി ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *