കേരളത്തിന്റെ വളര്‍ച്ചയില്‍ പലര്‍ക്കും ഉത്ക്കണ്ഠയുണ്ട്; ഇതിനുള്ള പ്രതികാരമായാണ് സാമ്ബത്തികമായി ശ്വാസം മുട്ടിക്കുന്നത്: ഇ പി ജയരാജൻ

കേരളത്തിന്റെ വളർച്ചയില്‍ പലർക്കും ഉത്ക്കണ്ഠയുണ്ട്, അതിനുള്ള പ്രതികാരമായാണ് കേരളത്തെ കേന്ദ്രം സാമ്ബത്തികമായി ശ്വാസം മുട്ടിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ.

സാമ്ബത്തികമായി ബുദ്ധിമുട്ടിച്ചാല്‍ കേരളം ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നത് കുറയുമെന്നും അങ്ങനെ വരുമ്ബോള്‍ ജനപ്രീതി നഷ്ടപ്പെടുമെന്നും ആണ് അവർ കരുതിയിരുന്നത്. അതുകൊണ്ടാണ് ബിജെപി അവരോടൊപ്പം ഇടതുപക്ഷ വിരുദ്ധ മനോഭാവം വച്ചുപുലർത്തുന്ന കോണ്‍ഗ്രസിനെയും ഇതില്‍ കൂടെക്കൂട്ടുന്നത്.

ഇതിനെതിരെയാണ് കേരളം കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നത്. ഫെഡറല്‍ സംവിധാനത്തിന് വില കൊടുക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. ഒരു ജനതയ്ക്കുവേണ്ടി ചിന്തിക്കുന്നുണ്ടെങ്കില്‍, ഒരു നാടിന്റെ നന്മയാണ് ലക്ഷ്യമെങ്കില്‍, തീർച്ചയായും ഇത്തരം സാഹചര്യത്തില്‍ സമരം വേണ്ടിവരും. ഇതേ അവഗണന തങ്ങളെ എതിർക്കുന്ന എല്ലാവരോടും കേന്ദ്രം കാണിക്കുന്നുണ്ട്. അതിനുള്ള ഉദാഹരണമാണ് ഇന്ന് കർണാടകം ചെയ്യുന്ന സമരവും. നാടിനുവേണ്ടി സമരം ചെയ്തേ പറ്റൂ എന്ന് മനസിലാക്കുന്ന അവസ്ഥയില്‍ കർണാടകയിലെ കോണ്‍ഗ്രസ് എത്തി. എന്നാല്‍ അത്രയും പോലും ചിന്തിക്കാൻ കഴിയാത്തവരായി കേരളത്തിലെ കോണ്‍ഗ്രസ് മാറി എന്നും അദ്ദേഹം വിമർശിച്ചു.

നവകേരള സദസ്സിലും ഇപ്പോള്‍ നടക്കുന്ന കേന്ദ്ര അവഗണനയ്‌ക്കെതിരായ സമരത്തിലുമൊക്കെ ആദ്യം ക്ഷണിച്ചത് കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിനെയാണ്. എന്നാല്‍ അവർക്ക് എതിർക്കാനല്ലാതെ മറ്റൊന്നിനും വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *