വെർച്വല്‍ പ്രൈവറ്റ് നെറ്റ്വർക് (വി.പി.എൻ) ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് യു.എ.ഇയില്‍ അനുവദിക്കപ്പെട്ടതാണെന്നും എന്നാല്‍ ദുരുപയോഗം പാടില്ലെന്നും സൈബർ സുരക്ഷ മേധാവി മുഹമ്മദ് അല്‍ കുവൈത്തി.
പ്രാദേശിക മാധ്യമവുമായി സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വി.പി.എൻ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞവർഷം രാജ്യത്ത് വർധന രേഖപ്പെടുത്തിയിരുന്നു. വി.പി.എൻ ആപ്പുകള്‍ 18 ലക്ഷം പേർ ഡൗണ്‍ലോഡ് ചെയ്തതായി അറ്റ്ലസ് വി.പി.എൻ പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള വി.പി.എൻ ഉപയോഗ സൂചിക റിപ്പോർട്ടിലാണ് വ്യക്തമായത്. ഇതോടെ രാജ്യത്തെ ആകെ വി.പി.എൻ ഉപയോക്താക്കളുടെ എണ്ണം 61 ലക്ഷത്തിലെത്തിയിട്ടുണ്ട്.
മാനദണ്ഡങ്ങള്‍ അനുസരിച്ച് വി.പി.എൻ ഉപയോഗിക്കുന്നതിന് യു.എ.ഇയില്‍ നിരോധനമില്ല. അതേസമയം, നിയമവിരുദ്ധമായ രീതിയിലോ കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരികയും ചെയ്യും. അതോടൊപ്പം യു.എ.ഇ സർക്കാർ തടഞ്ഞ വെബ്‌സൈറ്റുകള്‍, കോളിങ് ആപ്ലിക്കേഷനുകള്‍, ഗെയിമിങ് ആപ്ലിക്കേഷനുകള്‍ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഐ.പി അഡ്രസ് മറച്ചുവെച്ച് വി.പി.എൻ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. രാജ്യത്തെ സൈബർ നിയമത്തിലെ ആർട്ടിക്കിള്‍ 10 പ്രകാരം, വി.പി.എൻ ദുരുപയോഗം ചെയ്യുന്നവർക്ക് തടവും 500,000 ദിർഹം മുതല്‍ 20 ലക്ഷം ദിർഹംവരെ പിഴയും ലഭിക്കും.
ലോകത്ത് പി.പി.എൻ ഉപയോഗ നിരക്കില്‍ ഖത്തർ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് യു.എ.ഇയിലാണ്. 61 ശതമാനമാണ് രാജ്യത്ത് വി.പി.എൻ അഡോപ്ഷൻ നിരക്ക്. ഖത്തറിലിത് 69.87 ശതമാനമാണ്. കഴിഞ്ഞ നാലുവർഷത്തിനിടയില്‍ വലിയ രീതിയിലാണ് വി.പി.എൻ ഉപയോഗം വർധിച്ചിട്ടുള്ളത്. 2020ല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്‍റർനെറ്റ് ഉപയോഗം വർധിച്ച സമയത്ത് വി.പി.എൻ ഡൗണ്‍ലോഡും വർധിച്ചിരുന്നു. പിന്നീടുള്ള വർഷങ്ങളില്‍ 2023ആണ് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുണ്ടായത്.