ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്ബായ ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തില്‍ മുഖ്യ പങ്കുവഹിച്ച ഹമാസ് കമാൻഡര്‍ ഇബ്രാഹിം ബാരിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭയാര്‍ഥി ക്യാമ്ബില്‍ തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെയും ഇസ്രായേല്‍ ഡിഫൻസ് ഫോഴ്സിന്റെയും (ഐഡിഎഫ്) പ്രതികരണം. ജബാലിയ ബ്രിഗേഡിന്റെ കമാൻഡര്‍ ഇബ്രാഹിം ബിയാരിയെ തങ്ങള്‍ വധിച്ചതായും ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ലോഹക്കഷണങ്ങള്‍ക്കിടയില്‍ നിന്നുമാണ് സന്നദ്ധപ്രവര്‍ത്തകര്‍ മൃതദേഹങ്ങളും പരിക്കു പറ്റിയവരെയും പുറത്തെത്തിച്ചതെന്ന് വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ജബാലിയ അഭയാര്‍ത്ഥി ക്യാമ്ബില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ 47 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.
“ഈ കൂട്ടക്കൊലകള്‍ അവസാനിപ്പിക്കാനും കുട്ടികളോടെങ്കിലും സഹതാപം കാണിക്കാനുമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,” സംഭവത്തില്‍ ഇരയായ ഒരാളുടെ മുത്തച്ഛൻ യൂസഫ് ഹിജാസി എഎഫ്പിയോട് പറഞ്ഞു.
ആക്രമണത്തില്‍ ഈ കെട്ടിടങ്ങള്‍ക്ക് താഴെ സ്ഥിതി ചെയ്യുന്ന ഹമാസിന്റെ ഭൂഗര്‍ഭ താവളം ഇസ്രായേല്‍ തകര്‍ക്കുകയും നിരവധി ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംഭവത്തില്‍, 50 ലധികം പേര് മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗസാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയത് കൂട്ടക്കൊല ആണെന്നും ഇനിയും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയേക്കാമെന്നും ഹമാസ് അറിയിച്ചു.
അഭയാര്‍ത്ഥി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഈജിപ്ത് രംഗത്തെത്തി. പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ റഫ ക്രോസിംഗ് തുറക്കുമെന്നും ഈജിപ്ത് അറിയിച്ചു. ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് അതിര്‍ത്തി സാധാരണക്കാര്‍ക്ക് തുറന്നുകൊടുക്കാൻ ഈജിപ്ത് സമ്മതിക്കുന്നത്.
ഇത്തരമൊരു ആക്രമണം മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി. പ്രശ്നത്തിലെ പ്രധാന മധ്യസ്ഥരാണ് ഖത്തര്‍.
വടക്കൻ ഗാസയില്‍ ഇസ്രായേലിന്റെ കരസേനയും ഹമാസും തമ്മില്‍ ഒരു ദിവസം നീണ്ടു നിന്ന പോരാട്ടത്തിന് ശേഷമാണ് അഭയാര്‍ത്ഥി ക്യാമ്ബിനു നേരെയുള്ള ആക്രമണം ഉണ്ടായത്. നൂറുകണക്കിന് പലസ്തീനികളാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി സംഭവസ്ഥലത്ത് എത്തിയത്. 1.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന അഭയാര്‍ത്ഥി ക്യാമ്ബില്‍ 116,000 പേരാണ് കഴിഞ്ഞിരുന്നത്. ഭൂകമ്ബം ഉണ്ടാകുന്നതു പോലെയാണെന്ന് തങ്ങള്‍ക്ക് ആദ്യം തോന്നിയതെന്ന് ക്യാമ്ബിലെ താമസക്കാരിലൊരാള്‍ എഎഫ്പിയോട് പറഞ്ഞു.
ഗാസയില്‍ ആക്രമണ സംഭവങ്ങളും രക്തച്ചൊരിച്ചിലും വര്‍ധിച്ചു വരുന്നതിനെതിരെ പല ലോകനേതാക്കളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്ബിനു നേരേ നടന്ന ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് നിലവിലെ സംഘര്‍ഷങ്ങളില്‍ പെട്ട് ഇതുവരെ 8,525 പേരാണ് മരിച്ചത്. ഇതില്‍ 3,542 കുട്ടികളും 2,187 സ്ത്രീകളും ഉള്‍പ്പെടുന്നു.