വഖഫ് ബോര്‍ഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി;

പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡില്‍ പ്രാതിനിധ്യം ലഭിച്ചില്ലെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ.

കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കളുമായി കോഴിക്കോട്ട് വിളിച്ചുചേർത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

കാന്തപുരം വിഭാഗത്തിന്റെ പരാതിയില്‍ പാർട്ടിക്ക് വ്യത്യസ്തമായ അഭിപ്രായമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. “അവരുടെ ആശങ്ക സ്വാഭാവികവും ന്യായവുമാണ്. ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഭിന്നാഭിപ്രായമില്ല. ചർച്ചകളിലൂടെ വിഷയം പരിശോധിക്കുകയും പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യും,” അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമങ്ങള്‍ പ്രകാരം വഖഫ് ബോർഡിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സർക്കാരിന് ചില പരിമിതികളുണ്ടെന്നും കർശനമായ വിഭാഗീയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാലാണ് ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്തപുരം വിഭാഗത്തെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചർച്ചകളിലൂടെ ഇവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ വഴിയുണ്ടോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കമ്മിറ്റികളിലും എല്ലാ സംഘടനകളെയും ഒരേസമയം ഉള്‍പ്പെടുത്തുക എപ്പോഴും പ്രായോഗികമായിരിക്കില്ല. എങ്കിലും വരാനിരിക്കുന്ന നിയമനങ്ങളിലും മറ്റ് ക്രമീകരണങ്ങളിലും കൂടുതല്‍ വിശാലമായ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *