നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യപ്രതി ശുഭം ഖൈര്‍നാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 15 വരെ നീട്ടി; മനീഷയുടെ ജാമ്യാപേക്ഷയില്‍ വിധി ഒമ്പതിന്

രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിലെ മുഖ്യപ്രതികളിലൊരാളായ ശുഭം ഖൈർനാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി റൂസ് അവന്യൂ കോടതി ജൂണ്‍ 15 വരെ നീട്ടി

മുൻപ് അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ശനിയാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സ്പെഷ്യല്‍ സിബിഐ ജഡ്ജി അജയ് ഗുപ്ത കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷയില്‍ കോടതി ജൂണ്‍ 9-ന് വിധി പറയും. ചോർന്ന ചോദ്യപേപ്പർ കൈപ്പറ്റുകയും അത് മറ്റ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്ത വലിയൊരു ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മനീഷയെന്ന് ചൂണ്ടിക്കാട്ടി സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു.


പൂനെയിലെ മുൻ കെമിസ്ട്രി അധ്യാപകൻ പ്രകളും ലോക്കല്‍ ഏജന്റായ ധനഞ്ജയ് ലോകണ്ടെയും ഉള്‍പ്പെടുന്ന സംഘവുമായി ചേർന്നാണ് മനീഷ ചോർന്ന ചോദ്യപേപ്പർ മറിച്ചുവിറ്റതെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇടപാടുമായി ബന്ധപ്പെട്ട ബാങ്ക് രേഖകളും വിദ്യാർത്ഥികളുടെ മൊഴികളും തങ്ങളുടെ പക്കലുണ്ടെന്ന് സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ നീതു സിംഗ് വാദിച്ചു. എന്നാല്‍, മനീഷ ഒരു എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് മാത്രമാണെന്നും വിദ്യാർത്ഥികളെ റഫർ ചെയ്തതിനുള്ള കമ്മീഷൻ മാത്രമാണ് വാങ്ങിയതെന്നും പ്രതിഭാഗം വക്കീല്‍ ശ്രേയസ് ഗാച്ചെ വാദിച്ചു. കഴിഞ്ഞ മെയ് 3-ന് 22 ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ എഴുതിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് മെയ് 12-നാണ് റദ്ദാക്കിയത്. ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *