പശ്ചിമേഷ്യ വീണ്ടും കത്തുന്നു: വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ട്രംപ്; ലബനനില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍

പശ്ചിമേഷ്യയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുത്തുന്നതില്‍ ഇറാന്‍ ‘വളരെ മോശം പ്രകടനമാണ്’ നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ലബനനില്‍ വെടിനിര്‍ത്തലില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇതോടെ മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ ലംഘിച്ചതായി ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ആരോപിച്ചു. ഇറാന്റെ നീക്കങ്ങള്‍ സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘ലബനനില്‍ വെടിനിര്‍ത്തലില്ല’ എന്ന് വ്യക്തമാക്കിയ നെതന്യാഹു, ഹിസ്ബുള്ളയെ പൂര്‍ണ്ണമായും തകര്‍ക്കുന്നത് വരെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചു. ലബനനിലെ ഹിസ്ബുള്ളയുടെ ലോഞ്ച് സൈറ്റുകള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ആക്രമണം ആരംഭിച്ചു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ജനങ്ങളോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു.

ഹിസ്ബുള്ളയെ നിരായുധരാക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമായി ലബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നെതന്യാഹു തന്റെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, വെടിനിര്‍ത്തല്‍ ഇല്ലാതെ ചര്‍ച്ചയ്ക്കില്ലെന്ന് ലബനന്‍ നിലപാടെടുത്തു. ‘ആക്രമണത്തിനിടയിലും ചര്‍ച്ചകള്‍ നടക്കും’ എന്നാണ് ഇതിന് ഇസ്രായേല്‍ നല്‍കിയ മറുപടി.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി രാജ്യത്തിന് നല്‍കിയ സന്ദേശത്തില്‍ തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. തന്റെ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന്റെ 40-ാം ദിനത്തിലാണ് അദ്ദേഹം ഈ സന്ദേശം നല്‍കിയത്.

‘ഞങ്ങള്‍ യുദ്ധം ആഗ്രഹിച്ചിട്ടില്ല, ഇപ്പോഴും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. ലബനന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മുന്നണിയെ ഒറ്റക്കെട്ടായിട്ടാണ് ഞങ്ങള്‍ കാണുന്നത്.’ – മോജ്തബ ഖമേനി പറഞ്ഞു.

ലബനനില്‍ ആക്രമണത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്ന് വ്യക്തമാക്കി നെതന്യാഹു ആക്രമണവുമായി മുന്നോട്ട് പോവുകയാണ്. ഇസ്രായേലിന്റെ ഈ നിലപാട് ട്രംപ് ഭരണകൂടവുമായും ഇറാനുമായുമുള്ള നയതന്ത്ര ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *