യു.ഡി.എഫിന്റെ ‘പുതുയുഗയാത്ര’യ്ക്ക് ഇന്ന് തുടക്കം; പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാൻ കാസര്‍കോട് ഒരുങ്ങി

രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’യ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് കുമ്പള ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഈ പര്യടനം വിവിധ ജില്ലകളിലൂടെ കടന്നുപോയി മാർച്ച്‌ ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

യു.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ അണിനിരക്കുന്ന ഈ യാത്ര കേവലം രാഷ്ട്രീയ റാലി എന്നതിലുപരി, ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുക, പ്രവർത്തകരെ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഓരോ മേഖലയിലെയും വികസന കാഴ്ചപ്പാടുകള്‍ ജനങ്ങളുമായി ചർച്ച ചെയ്യുന്ന പ്രത്യേക കൂടിക്കാഴ്ചകളും പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ വീഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനൊപ്പം യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ബദല്‍ രാഷ്ട്രീയവും വികസന രേഖയും ഈ യാത്രയിലൂടെ അവതരിപ്പിക്കും. നാനാതുറകളിലുള്ളവരുമായി സംവദിച്ച്‌ കേരളത്തിന്റെ ഭാവി വികസനത്തിനായുള്ള പദ്ധതികള്‍ ചർച്ച ചെയ്യാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. കേരള രാഷ്ട്രീയത്തില്‍ ചരിത്രപരമായ മാറ്റമുണ്ടാക്കുന്ന യാത്രയായിരിക്കും ഇതെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *