കൈക്കൂലി തടയാൻ ക്യാഷ് രജിസ്റ്റര്‍, ഹാജര്‍ രേഖപ്പെടുത്താൻ ഫേസ് ആപ്പും ; വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം

ഓഫീസിനു പുറത്ത് ഡ്യൂട്ടിയിലുള്ള വെഹിക്കിള്‍ ഇൻസ്പെക്ടർമാർക്ക് ഹാജർ രേഖപ്പെടുത്താൻ ഫേസ് ആപ്പും കൈവശമുള്ള പണം രേഖപ്പെടുത്താൻ ക്യാഷ് രജിസ്റ്ററും നിർബന്ധം .

കൃത്യസമയത്ത് ഡ്യൂട്ടിക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഫേസ് ആപ്പ് നിർബന്ധമാക്കിയത്.

കൈക്കൂലിക്കു തടയിടാനാണ് കൈവശമുള്ള പണം രേഖപ്പെടുത്തുന്നത്. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് പരിശോധന, അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കല്‍, വാഹന പരിശോധന എന്നിവയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കാണ് പുതിയ സംവിധാനം ബാധകം.

ഓഫീസില്‍ എത്താതെ ഒട്ടേറെ ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കു പോകുന്നുണ്ട്. ഓഫീസ് സമയത്തിനു മുൻപേ ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്നതിനാല്‍ ഓഫീസിലെത്തി ഹാജർ രേഖപ്പെടുത്തുക പ്രായോഗികമല്ല.

ഡിപ്പാർട്ട്മെന്റ് വാഹനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ വാഹനത്തിലെ താത്കാലിക ക്യാഷ് രജിസ്റ്ററില്‍ കൈവശമുള്ള പണം എത്രയെന്ന് രേഖപ്പെടുത്തണം. സ്വകാര്യ വാഹനത്തിലാണെങ്കില്‍ ഡ്രൈവിങ് ലൈസൻസ്, സി.എഫ്. ടെസ്റ്റ് ഷീറ്റുകളില്‍ കൈവശമുള്ള പണം രേഖപ്പെടുത്താം.

ഓഫീസില്‍ എത്തുമ്പോള്‍ ഓഫീസ് രജിസ്റ്ററിലേക്കു മാറ്റി എഴുതണം. ലൈസൻസ്, സി.എഫ്. ടെസ്റ്റുകള്‍ക്ക് നേരത്തേകൂട്ടി സമയം അനുവദിക്കാറുണ്ട്. ഇതിന്റെ പ്രിന്റുമായിട്ടാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *