മുൻ സർക്കാരില്‍ മന്ത്രി വിഎൻ വാസവൻ ഉപയോഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വാഹനമായി മാറും.
പുതിയ വാഹനങ്ങള്‍ വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം.
അതിനാല്‍ മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റകളാണ് നിയുക്ത മന്ത്രിമാർക്കും നല്‍കുന്നത്. വാസവൻ ഉപയോഗിച്ച 2024 മോഡല്‍ വെള്ള ക്രിസ്റ്റയാണ് സതീശന്റെ ഔദ്യോഗിക വാഹനമാകുന്നത്.
നിലവില്‍ ഏറ്റവും കുറവ് ഓടിയ കാറും വാസവൻ ഉപയോഗിച്ച ക്രിസ്റ്റയാണ്. 6000 കിലോമീറ്റർ മാത്രമാണ് വണ്ടി ഓടിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിനു നല്‍കിയിരുന്ന ഒരു വെള്ള ക്രിസ്റ്റ കൂടി ടൂറിസം ഗാരേജിലുണ്ട്. നേരത്തെ പിണറായി വിജയൻ പൊലീസിന്റെ കറുത്ത ഇന്നോവകളാണ് ഉപയോഗിച്ചിരുന്ന. അതിനാല്‍ ഈ കാർ കൂടുതല്‍ ഓടിയിട്ടില്ല. ഇതും മുഖ്യമന്ത്രിക്കായി മാറ്റി വയ്ക്കാനാണ് തീരുമാനം. ഒദ്യോഗിക വാഹനം അറ്റകുറ്റപ്പണിക്ക് കൊടുക്കുമ്പോള്‍
പകരം ഉപയോഗിക്കുന്നതിനു വേണ്ടിയാണിത്.
സ്ഥാനമേല്‍ക്കുന്ന മന്ത്രിമാർക്കായി 24 ഇന്നോവ ക്രിസ്റ്റകള്‍ ടൂറിസം വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 21 എണ്ണവും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കായി ഓരോ വാഹനവും നല്‍കും.
ഒന്നാം നമ്പർ മുഖ്യമന്ത്രിക്കും രണ്ടാം നമ്പർ ലീഗ് മന്ത്രിക്കുമായിരിക്കും. ഘടകക്ഷി നേതാക്കള്‍ക്ക് അടുത്ത നമ്പറുകള്‍ ക്രമത്തില്‍ നല്‍കും. ഷിബു ബേബിജോണ്‍ 51, കെ മുരളീധരൻ 11, തിരുവഞ്ചൂർ രാധകൃഷ്ണൻ 10, എപി അനില്‍കുമാർ 7 എന്നിങ്ങനെ നമ്പറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാർ ആവശ്യപ്പെടുന്നതനുസരിച്ച് നമ്പർ മാറ്റി നല്‍കാറുണ്ട്.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ പിണറായി വിജയനും വെള്ള ഇന്നോവയാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി പൊലീസാണ് കറുത്ത വാഹന വ്യൂഹത്തിലേക്ക് മാറ്റിയത്. വിവിഐപി വാഹനങ്ങള്‍ക്ക് കറുത്ത നിറം ഉപയോഗിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളായി കറുത്ത ഇന്നോവകളാണ് ഉപയോഗിച്ചിരുന്നത്. ഇവ പൊലീസിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
