മാധ്യമങ്ങള്‍ ഇല്ലാക്കഥ മെനയുന്നു, കള്ളവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും : സിപിഐ എം

നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരില്‍ സിപിഐ എം സംസ്ഥാന നേതൃത്വത്തിനെതിരെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയില്‍ വിമർശം എന്ന രീതിയില്‍ വലതുപക്ഷ മുഖ്യധാരാ വാർത്താചാനലുകള്‍ നല്‍കുന്ന നുണ വാർത്തകള്‍ തള്ളിക്കളയണമെന്ന് സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ ജയവും തോല്‍വിയും സാധാരണമാണ്. ജനവിധി അംഗീകരിച്ചു കൊണ്ട് പാർട്ടിയിലെ അടിത്തറ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനാണ് ഏരിയാകമ്മിറ്റിയംഗങ്ങള്‍ ഒന്നടങ്കം ചർച്ച ചെയ്തത്. എന്നാല്‍ ഏരിയാ കമ്മിറ്റി യോഗം നടക്കുന്നു എന്നറിഞ്ഞ ചാനലുകള്‍ അവരുടെ ഭാവനയിലുള്ള കഥകള്‍ മെനഞ്ഞുണ്ടാക്കി വാർത്തകളാക്കി അവതരിപ്പിക്കുന്ന അധമമാധ്യമപ്രവർത്തനമാണ് നടത്തുന്നത്.

വസ്തുതകള്‍ എന്താണെന്ന് പോലും അന്വേഷിക്കാതെ പാർട്ടിയെ സമൂഹ മധ്യത്തില്‍ അപകീർത്തിപ്പെടുത്തുന്ന തരത്തിലും സംസ്ഥാന ജില്ലാ നേതൃത്വങ്ങളെ അവഹേളിക്കുന്ന തരത്തിലും കള്ള വാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികളുമായി സി പി ഐ എം മുന്നോട്ടു പോകുമെന്നും ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *